ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവമാറ്റത്തിനായി ആഴ്‌സൺ വെങ്ങറെത്തുന്നു, ഇന്ത്യ-ഖത്തർ ലോകകപ്പ് യോഗ്യത മത്സരം കാണും | Wenger

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കായി പടിപടിയായുള്ള സമീപനങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ചില പാളിച്ചകൾ പലപ്പോഴും ഉണ്ടാകുന്നുണ്ടെങ്കിലും ഇന്ത്യൻ ഫുട്ബോൾ മുൻകാലങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിൽ തന്നെയാണെന്നതിൽ സംശയമില്ല. ഇന്ത്യ ലോകകപ്പ് കളിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ആരാധകർ ഉള്ളതിനാൽ തന്നെ അവരുടെ കടുത്ത സമ്മർദ്ദവും ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് സഹായിക്കുന്നുണ്ട്.

ലോകകപ്പ് യോഗ്യതക്ക് വേണ്ടിയുള്ള രണ്ടാമത്തെ റൗണ്ടിലെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യ നേടിയ വിജയം ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നതായിരുന്നു. കുവൈറ്റിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവർക്ക് യാതൊരു സാധ്യതയും നൽകാതെയാണ് ഇന്ത്യ ഒരു ഗോളിന്റെ വിജയം നേടിയത്. ഇനി വരാനിരിക്കുന്ന മത്സരത്തിൽ ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ ഖത്തറിനെയാണ് ഇന്ത്യ നേരിടാൻ പോകുന്നത്. ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ച് നവംബർ 21നാണു മത്സരം.

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്ന മറ്റൊരു വാർത്ത ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇന്ത്യയും ഖത്തറും തമ്മിൽ നടക്കുന്ന മത്സരം കാണുന്നതിനായി ആഴ്‌സനലിന്റെ ഇതിഹാസ പരിശീലകനായ ആഴ്‌സൻ വെങ്ങർ എത്തുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനു വേണ്ടി കൂടിയാണ് ഫ്രഞ്ച് പരിശീലകൻ ഇന്ത്യയിലേക്ക് വരുന്നത് എന്നതിനാൽ ഇത് വളരെ നിർണായകമായ ഒന്നാണ്.

മത്സരം കാണാനെത്തുന്നതിനു പുറമെ ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങളുണ്ടാക്കാൻ പോന്ന വലിയൊരു തുടക്കവും ആഴ്‌സൺ വേങ്ങർ കുറിക്കുന്നുണ്ട്. ഫിഫയുടെ ടാലന്റ് പ്രോഗ്രാമിനു കീഴിൽ ഒറീസയിലെ ഭുവനേശ്വറിൽ ലോകോത്തര നിലവാരമുള്ള ഒരു അക്കാദമി എഐഎഫ്എഫ് പ്രവർത്തനം ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് ആഴ്‌സൺ വെങ്ങറാണ്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി മുന്നിൽ കണ്ടാണ് ഇ വലിയ തുടക്കം.

നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ ചീഫായി ആഴ്‌സൺ വെങ്ങർ സേവനം അനുഷ്ഠിക്കുന്നുണ്ട്‌. ഫുട്ബോൾ വേരോട്ടമുള്ള രാജ്യങ്ങളിൽ അത് വളർത്തിയെടുക്കാനുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കു വേണ്ടി അദ്ദേഹം ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയതായിരുന്നു. അതിനാൽ തന്നെ ഈ സന്ദർശനം ഇന്ത്യൻ ഫുട്ബോളിനു ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

Arsene Wenger To Attend India Vs Qatar