റൊണാൾഡോ ടോപ് സ്‌കോറർ ആകുന്നുവെങ്കിൽ അത് സ്വന്തം കഴിവു കൊണ്ടായിരിക്കും, പോർച്ചുഗൽ പരിശീലകന്റെ മറുപടി | Ronaldo

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം റൊണാൾഡോ തകർപ്പൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും അതിനു ശേഷം ലോകകപ്പിൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പവും പതറിയ താരം സൗദി അറേബ്യയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു ശേഷം ഇരട്ടി കരുത്തോടെയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ക്ലബ് തലത്തിൽ മാത്രമല്ല, ദേശീയ ടീമിനൊപ്പവും ഈ പ്രകടനം തുടരാൻ റൊണാൾഡോക്ക് കഴിയുന്നു.

നിലവിൽ സൗദി പ്രൊ ലീഗിലെ ഗോൾവേട്ടയിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലുള്ള റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയും ഗോളടിച്ചു കൂട്ടുകയാണ്. ലോകകപ്പിൽ മോശം പ്രകടനമാണ് പോർച്ചുഗൽ നടത്തിയതെങ്കിലും അതിനു ശേഷമുള്ള മത്സരങ്ങളിലെല്ലാം അവർ വിജയം സ്വന്തമാക്കി. യൂറോ യോഗ്യത മത്സരങ്ങളിൽ ആകെ രണ്ടു ഗോളുകൾ മാത്രം വഴങ്ങിയ അവർ മുപ്പത്തിനാല് ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ചിരിക്കുന്നത് റൊണാൾഡോയാണ്.

നിലവിൽ യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ഏറ്റവുമധികം ഗോളുകൾ നേടിയിരിക്കുന്ന താരങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് റൊണാൾഡോയാണ്. താരം പത്ത് ഗോളുകൾ നേടിയപ്പോൾ ഒൻപത് ഗോളുകളോടെ ബെൽജിയം താരം ലുക്കാക്കുവും ഫ്രഞ്ച് താരം എംബാപ്പയും ഒപ്പമുണ്ട്. എല്ലാ ടീമുകൾക്കും ഇനി ഒരു മത്സരമാണ് ബാക്കി നിൽക്കുന്നത് എന്നിരിക്കെ ആരാവും ടോപ് സ്കോററാവുകയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. എന്നാൽ റൊണാൾഡോയെ ഒന്നാം സ്ഥാനത്തെത്തിക്കുക എന്നതല്ല തങ്ങളുടെ ഉദ്ധേശമെന്നാണ് പോർച്ചുഗൽ പരിശീലകൻ പറയുന്നത്.

“ഫുട്ബോൾ ഒരു ടീം സ്പോർട്ടാണ്, ടീം മികച്ച രീതിയിൽ കളിച്ചാൽ വ്യക്തിഗത നേട്ടങ്ങൾ അതിനു പിന്നാലെ വരുമെന്നുറപ്പാണ്. വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുക പ്രധാന ലക്ഷ്യമാക്കി മുന്നോട്ടു പോയാൽ അത് വിജയം നേടാൻ ഞങ്ങളെ സഹായിക്കില്ലെന്നുറപ്പാണ്. ഞങ്ങൾക്ക് മത്സരം വിജയിക്കുകയാണു വേണ്ടത്. കൃത്യമായ ആശയങ്ങളോടെ കെട്ടുറപ്പോടെ നിൽക്കുകയും. ഞങ്ങളുടെ ടീമിലെ താരം ടോപ് സ്കോററാകുന്നത് നല്ലതാണ്, പക്ഷെ അതല്ല ഞങ്ങളുടെ ലക്‌ഷ്യം.” മാർട്ടിനസ് പറഞ്ഞു.

റൊണാൾഡോക്ക് വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കി നൽകാൻ തങ്ങൾ സഹായിക്കുന്നില്ലെന്നും താരം സ്വന്തം കഴിവു കൊണ്ട് തന്നെയാണ് ഈ ഗോളുകൾ നേടുന്നതെന്നു കൂടി മാർട്ടിനസിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. മുപ്പത്തിയെട്ടാം വയസിലാണ് റൊണാൾഡോ ഇത്രയും മികച്ച പ്രകടനം ടീമിനായി നടത്തുന്നത്. മാർട്ടിനസിനു കീഴിൽ റൊണാൾഡോയുടെ ഈ ആത്മവിശ്വാസവും മികച്ച പ്രകടനവും അടുത്ത യൂറോ കപ്പിൽ പോർച്ചുഗൽ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

Making Ronaldo Top Scorer Not Our Goal Says Martinez