ഐഎസ്എല്ലിന്റെ നിലവാരം തകരാൻ പോവുകയാണ്, ഇന്ത്യൻ ഫുട്ബോളിന് ശക്തമായ മുന്നറിയിപ്പു നൽകി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

പുതിയ പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ വളരെയധികം പുറകോട്ടു പോകുന്നുവെന്നും അത് ഐഎസ്എല്ലിന്റെയും ദേശീയ ടീമിന്റെയും നിലവാരത്തെ ഇല്ലാതാക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

“ഐഎസ്എല്ലിലെയും ഇന്ത്യൻ ഫുട്ബോളിലെയും ടീമുകൾ യുവതാരങ്ങളെ വളർത്തിയെടുക്കുന്നത് തുടർന്നു പോരുന്നില്ല, അതിന്റെ പ്രത്യാഘാതം വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ നമുക്ക് മുന്നിൽ തെളിഞ്ഞു കാണാൻ തുടങ്ങും. ഏറ്റവും ചുരുങ്ങിയത് രണ്ടു വർഷം കൊണ്ടെങ്കിലും. പുതിയ താരങ്ങളെ കൃത്യമായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഐഎസ്എല്ലിന്റെ നിലവാരം താഴ്ന്നു തുടങ്ങും.”

“ഐഎസ്എല്ലിന്റെ നിലവാരം കുറയുന്നത് ദേശീയ ടീമിനെയും ബാധിക്കുന്ന കാര്യമാണ്. ഇന്ത്യൻ ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ കഴിയാതെ പുറത്തായ ഏഷ്യൻ കപ്പിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ടീമിലെ താരങ്ങൾ അവരുടെ ഏറ്റവും മികച്ച പ്രകടനം നൽകി, മുഴുവൻ സമയവും ഓടിക്കൊണ്ടേയിരുന്നു.”

“മറ്റു രാജ്യങ്ങളുമായി നമ്മളെ താരതമ്യം ചെയ്യുമ്പോൾ, പല രാജ്യങ്ങളും വലിയ രീതിയിലുള്ള വളർച്ച ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. തായ്‌ലണ്ടിനെതിരെയും കഴിഞ്ഞ ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരെയും ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിയ പ്രകടനം മികച്ചതായിരുന്നു. എന്നാൽ ഗോളുകൾ നേടാൻ ഇപ്പോൾ ബുദ്ധിമുട്ടുന്നത് നമുക്ക് വളർച്ചയില്ലെന്നാണ് വ്യക്തമാക്കുന്നത്. മറ്റു രാജ്യങ്ങൾ വളരുമ്പോൾ ഇന്ത്യക്ക് അതിനു കഴിഞ്ഞിട്ടില്ല.”

ഇവാൻ വുകോമനോവിച്ചിന്റെ അഭിപ്രായം വളരെ കൃത്യമാണെന്നതിൽ സംശയമില്ല. ഇന്ത്യയിൽ ഫുട്ബോൾ വളർത്താനുള്ള പദ്ധതികൾ കൊണ്ടുവരുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം വെള്ളത്തിലെ വര പോലെ മാഞ്ഞു പോവുകയാണ്. ഗ്രാസ് റൂട്ടിൽ നിന്നും തുടങ്ങുന്ന ഒരു പദ്ധതി ഉണ്ടായാൽ മാത്രമേ ഇന്ത്യൻ ഫുട്ബോളിന് മുന്നേറ്റമുണ്ടാക്കാൻ കഴിയുകയുള്ളൂ.

Ivan Vukomanovic Says Indian Football Is Not Evolving