തന്റെ തീരുമാനത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഡി മരിയ, ലയണൽ മെസിയിൽ പ്രതീക്ഷയോടെ ആരാധകർ | Di Maria

ഒരുപാട് തിരിച്ചടികൾ നിരവധി തവണ നേരിട്ടതിനു ശേഷം ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ലോകത്തിന്റെ നെറുകയിൽ എത്തിയ വർഷമായിരുന്നു 2022. ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ കിരീടം ചൂടിയ അവർ അതിനു ശേഷം വിരമിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ചാമ്പ്യന്മാരായി ടീമിനൊപ്പം കളിക്കാൻ ടീമിനൊപ്പം തുടരുകയായിരുന്നു.

വരുന്ന ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ഈ രണ്ടു താരങ്ങളും ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ടീമിനൊപ്പം മറ്റൊരു കിരീടം കൂടി നേടാൻ ഈ താരങ്ങൾക്കുള്ള സുവർണാവസരമാണ് വരാനിരിക്കുന്ന കോപ്പ അമേരിക്ക. കോപ്പ അമേരിക്കക്ക് ശേഷം താൻ ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന് ഏഞ്ചൽ ഡി മരിയ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ അതിനിടയിൽ പുറത്തു വന്ന ചില റിപ്പോർട്ടുകൾ കോപ്പ അമേരിക്കക്ക് ശേഷവും മെസിയും ഡി മരിയയും ചേർന്ന് മറ്റൊരു ടൂർണമെന്റിൽ അർജന്റീന ടീമിനായി ഒരുമിച്ച് കളത്തിലിറങ്ങുമെന്ന സൂചന നൽകിയിരുന്നു. കോപ്പ അമേരിക്ക ടൂർണമെന്റ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം നടക്കുന്ന ഒളിമ്പിക്‌സ് ടൂർണമെന്റിൽ അർജന്റീനക്കായി ഇരുവരും ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

എന്നാൽ ആ റിപ്പോർട്ടിൽ ഒരു കഴമ്പുമില്ലെന്ന് കഴിഞ്ഞ ദിവസം ഏഞ്ചൽ ഡി മരിയ വ്യക്തമാക്കി. കോപ്പ അമേരിക്ക ടൂർണമെന്റോടെ ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ലെന്നാണ് താരം പറയുന്നത്. ഇതോടെ അമേരിക്കയിൽ വെച്ച് നടക്കുന്ന ടൂർണമെന്റ് ദേശീയ ടീമിനൊപ്പം ഡി മരിയയുടെ അവസാനത്തേതാണെന്ന് ഉറപ്പായി.

ഡി മരിയ തന്റെ അഭിപ്രായം കൃത്യമായി പ്രകടിപ്പിച്ചെങ്കിലും ലയണൽ മെസിയിൽ ആരാധകർക്ക് പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. താരം ഒളിമ്പിക്‌സിൽ പങ്കെടുക്കുമെന്ന് ആരാധകരിൽ പലരും വിശ്വസിക്കുന്നു. ദേശീയ ടീമിനൊപ്പം കളിക്കാൻ ലയണൽ മെസിക്ക് വളരെയധികം താൽപര്യമുണ്ടെന്നത് എല്ലായിപ്പോഴും വ്യക്തമായിട്ടുള്ളതുമാണ്.

Di Maria Confirms He Will Not Play In Olympics