അർജന്റീനക്കു വമ്പൻ ടീമുകളെ എതിരാളികളായി വേണം, യൂറോപ്പിലെ രണ്ടു ടീമുകളെ വെളിപ്പെടുത്തി എമിലിയാനോ മാർട്ടിനസ് | Emiliano Martinez

ഇക്കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ച രണ്ടു മത്സരങ്ങളിലും അർജന്റീന വിജയം നേടിയിരുന്നു. അമേരിക്കയിൽ വെച്ച് നടന്ന മത്സരങ്ങളിൽ എൽ സാൽവദോർ, കോസ്റ്റാറിക്ക എന്നീ ടീമുകളോടാണ് അർജന്റീന ഏറ്റുമുട്ടിയത്. നേരത്തെ ഐവറി കോസ്റ്റ്, നൈജീരിയ എന്നീ ടീമുകളോട് ഏറ്റുമുട്ടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വേദി മാറിയതോടെയാണ് അവർ പിൻമാറിയത്.

കോപ്പ അമേരിക്ക ടൂർണമെന്റ് അടുത്തു വരാനിരിക്കെ ദുർബലമായ ടീമുകളോട് സൗഹൃദമത്സരം നടത്തുന്നതിനെ അർജന്റീനയുടെ ആരാധകർ വിമർശിച്ചിരുന്നു. കരുത്തരായ ടീമുകളോട് കളിച്ച് ടീമിന്റെ പോരായ്‌മകൾ മനസിലാക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം സമാനമായ അഭിപ്രായം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും പറഞ്ഞിരുന്നു.

“എൽ സാൽവദോറിനോട് ഞങ്ങൾക്ക് ബഹുമാനക്കുറവൊന്നും ഇല്ല. പക്ഷെ ഞങ്ങൾക്ക് കരുത്തരായ ഏതെങ്കിലും രാജ്യത്തോട് ഏറ്റുമുട്ടാനാണ് ആഗ്രഹം. ഇംഗ്ലണ്ട്, സ്പെയിൻ എന്നിങ്ങനെ യൂറോപ്പിലെ കരുത്തുറ്റ ഏതെങ്കിലും ടീമിനോട് വമ്പൻ മത്സരങ്ങൾ കളിക്കാനാണ് ആഗ്രഹമുള്ളത്.” കഴിഞ്ഞ ദിവസം ഡി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ അർജന്റീനയുടെ ഹീറോ പറഞ്ഞു.

ഈ ഇന്റർനാഷണൽ ബ്രേക്കിൽ സ്പെയിൻ ദേശീയടീമിനോട് കളിക്കാൻ അർജന്റീനക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ അർജന്റീന ലോകചാമ്പ്യന്മാർ ആയതിനാൽ തന്നെ സ്പെയിനിൽ വന്നു കളിക്കണമെങ്കിൽ വലിയൊരു തുക നൽകണമെന്ന് എഎഫ്എ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്പെയിൻ ആ നീക്കത്തിൽ നിന്നും പിന്മാറി ബ്രസീലിനെതിരെ കളിച്ചത്.

കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതിനു മുൻപ് അർജന്റീനക്ക് രണ്ടു മത്സരങ്ങൾ കൂടി കളിക്കാനുണ്ട്. ആ സൗഹൃദമത്സരങ്ങൾ ഏതു ടീമിനെതിരെയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കോപ്പ അമേരിക്കയും യൂറോ കപ്പും ഒരേ സമയത്താണ് നടക്കുകയെന്നതിനാൽ യൂറോപ്പിലെ വമ്പൻ ടീമുകളുമായി ഏറ്റുമുട്ടാനുള്ള അവസരമുണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.

Emiliano Martinez Wants Argentina To Play Against Big Teams