കൂടെയുണ്ടായിരുന്ന റയൽ മാഡ്രിഡ് താരങ്ങളെല്ലാം ഫ്രാൻസിനെ പിന്തുണച്ചു, ബുദ്ധിമുട്ടേറിയ ദിവസമായിരുന്നുവെന്ന് അർജന്റീന യുവതാരം | Nico Paz

ഐതിഹാസികമായ രീതിയിലാണ് അർജന്റീന ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയ അർജന്റീന അതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി. അതിൽ ക്വാർട്ടർ ഫൈനലും ഫ്രാൻസിനെതിരെയുള്ള ഫൈനലും ആരാധകരിൽ ആർക്കും മറക്കാൻ കഴിയാത്ത ഒന്നായിരിക്കുമെന്നതിൽ സംശയമില്ല.

ലയണൽ മെസിയുടെ എതിരാളികളെല്ലാം ഫ്രാൻസിനു പിന്തുണയുമായി അണിനിരന്ന ദിവസമായിരിക്കും ആയിരിക്കും ഖത്തർ ലോകകപ്പിന്റെ ഫൈനൽ ദിവസമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ റയൽ മാഡ്രിഡിൽ കളിക്കുന്ന അർജന്റീന താരമായ നിക്കോ പാസ് കഴിഞ്ഞ ദിവസം ലോകകപ്പ് ഫൈനൽ ദിവസത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ നിന്നു തന്നെ ഇതു വ്യക്തമാണ്.

“റയൽ മാഡ്രിഡിന്റെ കാസ്റ്റില്ല ടീമിലെ ഭൂരിഭാഗം പേരും അന്ന് ഫ്രാൻസിനെയാണ് പിന്തുണച്ചത്. ഞങ്ങളൊരു മത്സരം കഴിഞ്ഞു വരുന്ന വഴിക്ക് ബസിലായതിനാൽ അതെനിക്ക് വിചിത്രമായ അനുഭവമായിരുന്നു. മെസി ലോകകപ്പ് ഉയർത്തിയത് സന്തോഷമായിരുന്നെങ്കിലും മോശം സാഹചര്യങ്ങളുമുണ്ടായി. പിരിമുറുക്കങ്ങളിലൂടെ കടന്നു പോയെങ്കിലും ദൈവം ഞങ്ങൾ വിജയിക്കണമെന്ന് തീരുമാനിച്ചിരുന്നു.” നിക്കോ പാസ് പറഞ്ഞു.

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഏറ്റവും ആവേശകരമായ ഒന്നായിരുന്നു. ആദ്യം അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം ഫ്രാൻസ് സമനില നേടിയെടുത്ത മത്സരത്തിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞു വന്നു. അതിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസിന്റെ ഹീറോയിസമാണ് അർജന്റീനക്ക് ലോകകപ്പ് കിരീടം സമ്മാനിച്ചത്.

റയൽ മാഡ്രിഡിന്റെ പ്രധാന എതിരാളികളായ ബാഴ്‌സലോണയിൽ കളിച്ചതിനാൽ തന്നെ മെസിക്കും അർജന്റീനക്കുമെതിരെ ആയിരുന്നു റയൽ മാഡ്രിഡ് കാസ്റ്റില്ലയെന്ന് നിക്കോ പാസിന്റെ വാക്കുകൾ വ്യക്തമാക്കി തരുന്നു. എന്നാൽ അവർക്കെല്ലാം നിരാശപ്പെടാനായിരുന്നു വിധി. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മെസി മാറുന്നതിനാണ് ആ ദിവസം അവർ സാക്ഷ്യം വഹിച്ചത്.

Nico Paz Talks About World Cup 2022 Final