ദിമിയില്ലെങ്കിൽ ആക്രമണങ്ങളുമില്ല, കേരള ബ്ലാസ്റ്റേഴ്‌സ് അടിയന്തിരമായി പരിഹാരം കാണേണ്ട ചിലതുണ്ട് | Kerala Blasters

ഇന്നലെ ജംഷഡ്‌പൂരിനെതിരെ നടന്ന ഐഎസ്എൽ മത്സരത്തിൽ ഒരിക്കൽക്കൂടി ദിമിത്രിയോസ് ഡയമെന്റക്കൊസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. ജംഷഡ്‌പൂറിനെതിരെ നടന്ന മത്സരത്തിൽ ദിമിത്രിയോസ് നേടിയ ഗോളിന് മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഒരു ഗോൾ വഴങ്ങി സമനില നേടുകയായിരുന്നു. ഇതോടെ പ്ലേ ഓഫ് യോഗ്യതക്ക് ഒരു പോയിന്റ് മാത്രം പിന്നിലാണ് ബ്ലാസ്റ്റേഴ്‌സ്.

മത്സരത്തിൽ ഗോൾ നേടിയതോടെ ദിമിത്രിയോസ് ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടിയ താരം ഈ സീസണിൽ ഇപ്പോൾ തന്നെ പതിമൂന്നു ഗോളുകൾ സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നേടിയ പകുതിയോളം ഗോളുകളും ദിമിത്രിയോസിന്റെ ബൂട്ടിൽ നിന്നും പിറന്നതാണ്.

ദിമിത്രിയോസ് മികച്ച പ്രകടനം നടത്തുന്നതിനൊപ്പം ആക്രമണങ്ങൾ നടത്താൻ താരത്തെ ബ്ലാസ്റ്റേഴ്‌സ് അമിതമായി ആശ്രയിക്കുന്നതും മത്സരങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. ഇന്നലത്തെ മത്സരത്തിനിടെ ഒരു ഫൗളിൽ ദിമിത്രിയോസ് വീണു പോയിരുന്നു. ബ്ലാസ്റ്റേഴ്‌സിന് മുൻതൂക്കമുള്ള സാഹചര്യമായതിനാൽ റഫറി കളി തുടരാൻ അനുവാദം നൽകുകയാണു ചെയ്‌തത്‌.

എന്നാൽ ദിമിത്രിയോസ് വീണു കിടക്കുകയാണ് എന്നതിനാൽ ആക്രമണം നടത്താൻ മടി കാണിക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയാണ് കാണാൻ കഴിഞ്ഞത്. പന്തുമായി കളിക്കുന്നതിനു പകരം സങ്കോചത്തോടെ നിൽക്കുകയായിരുന്നു കളിക്കാർ. ദിമിത്രിയോസ് അടക്കമുള്ള വിദേശതാരങ്ങൾ ഉണ്ടെങ്കിലേ ബ്ലാസ്റ്റേഴ്‌സിന് സജീവമായി നിൽക്കാൻ കഴിയൂവെന്ന മനോഭാവമാണ് മറ്റു താരങ്ങൾക്ക്.

ഈ സാഹചര്യത്തിൽ ദിമിത്രിയോസിനു പരിക്ക് പറ്റിയാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. അതിനു പുറമെ വിദേശതാരങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് ടീം മുന്നോട്ടു പോകുന്നത് ഗുണമായിരിക്കില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ടീമിലെ ഇന്ത്യൻ താരങ്ങളുടെ മനോഭാവം മാറ്റാനുള്ള പ്രവർത്തനങ്ങളും അടിയന്തിരമായി നടത്തേണ്ടതുണ്ട്.

Kerala Blasters Overdependent To Dimitrios