ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവരുടെ എണ്ണം വർധിക്കുന്നു, ക്ലബിനു മേൽ സമ്മർദ്ദം ചെലുത്തി അർജന്റീന താരങ്ങൾ | Argentina

കഴിഞ്ഞ അഞ്ചു വർഷമായി ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ദേശീയ ടീമാണ് അർജന്റീന. മൂന്നു വർഷത്തിനിടെ സാധ്യമായ എല്ലാ കിരീടവും സ്വന്തമാക്കിയ അവർ അതിനിടയിൽ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച അപരാജിതകുതിപ്പും നേടുകയുണ്ടായി. ജൂണിൽ കോപ്പ അമേരിക്ക ആരംഭിക്കാനിരിക്കെ മറ്റൊരു കിരീടം കൂടി സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് അർജന്റീന.

എന്നാൽ കോപ്പ അമേരിക്ക മാത്രമല്ല അർജന്റീന ഈ വർഷം ലക്ഷ്യമിടുന്നത്. കോപ്പ അമേരിക്കക്ക് ശേഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് സ്വർണവും അർജന്റീനയെ സംബന്ധിച്ച് പ്രധാനമാണ്. അതുകൊണ്ടു തന്നെയാണ് അണ്ടർ 23 ടീമിന്റെ പരിശീലകനായ മഷെറാനോ ഏറ്റവും മികച്ച സ്‌ക്വാഡിനെത്തന്നെ ഒരുക്കുന്നത്. ലയണൽ മെസി, ഡി മരിയ എന്നീ താരങ്ങളെ അദ്ദേഹം ഒളിമ്പിക്‌സ് സ്‌ക്വാഡിൽ ചേരാൻ ക്ഷണിക്കുകയും ചെയ്‌തു.

അതേസമയം ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ നിരവധി അർജന്റീന താരങ്ങൾക്ക് ആഗ്രഹമുണ്ട്. ഡി മരിയ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ഉണ്ടാകില്ലെന്ന് അറിയിച്ചെങ്കിലും നിക്കോളാസ് ഒട്ടമെൻഡി, എമിലിയാനോ മാർട്ടിനസ്, ലിയാൻഡ്രോ പരഡെസ്, റോഡ്രിഗോ ഡി പോൾ, ക്രിസ്റ്റ്യൻ റൊമേരോ, ലൗടാരോ മാർട്ടിനസ്, മാക് അലിസ്റ്റർ എന്നിവരെല്ലാം ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ ഇവരുടെ കൂട്ടത്തിലേക്ക് മറ്റൊരു താരം കൂടി വന്നിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസിനാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളത്. 23 വയസുള്ള താരത്തിനു പ്രായം കൂടുതലുള്ള കളിക്കാർക്കുള്ള സ്ലോട്ട് നൽകേണ്ടി വരില്ല. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുവദിക്കാൻ ചെൽസിയുമായി എൻസോ ചർച്ച നടത്തുന്നുണ്ട്.

അതിനു പുറമെ എമിലിയാനോ മാർട്ടിനസും ആസ്റ്റൺ വില്ലയുമായി ചർച്ചകൾ നടത്തുന്നുണ്ട്. 23 വയസിൽ കൂടുതൽ പ്രായമുള്ള മൂന്നു പേർക്കാണ് ടീമിലിടമുണ്ടാകൂ. ലയണൽ മെസി പങ്കെടുക്കാൻ തയ്യാറാണെങ്കിൽ താരം ടീമിലുണ്ടാകുമെന്നുറപ്പാണ്. അർജന്റീനക്ക് മറ്റൊരു കിരീടം കൂടി നൽകാൻ ആഗ്രഹിക്കുന്ന ഇത്രയും കളിക്കാരിൽ നിന്നും ആരെയാണ് തിരഞ്ഞെടുക്കുകയെന്നത് മഷെറാനോക്ക് തലവേദനയാകും.

Many Argentina Players Wants To Play Olympics