ലോബറോയുടെ മറുതന്ത്രങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സിനു മറുപടിയുണ്ടായില്ല, ഒഡിഷയിൽ വീണ് കൊമ്പന്മാർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ മത്സരത്തിൽ ഒഡിഷയുടെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തി ഒരു ഗോൾ നേടിയതിനു ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. രണ്ടാം പകുതിയിൽ ലോബറോയുടെ തന്ത്രങ്ങൾക്ക് മറുപടി ഇല്ലാതിരുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്ക് കാരണം.

ജാഹുവിനെ കേന്ദ്രീകരിച്ച് പിന്നിൽ നിന്നും മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനുള്ള ഒഡിഷയുടെ പദ്ധതിയെ കടുത്ത പ്രെസിങ് ഉപയോഗിച്ച് തുടക്കത്തിൽ തന്നെ തടഞ്ഞു പ്രത്യാക്രമണം സംഘടിപ്പിക്കുക എന്നതിനാണ് ബ്ലാസ്റ്റേഴ്‌സ് ഊന്നൽ കൊടുത്തത്. അതിനു പതിനൊന്നാം മിനുട്ടിൽ തന്നെ ഫലമുണ്ടായി. പ്രീതം കോട്ടാലിന്റെ ഒരു ക്വിക്ക് ത്രോ സ്വീകരിച്ച് മുന്നേറി നിഹാൽ സുധീഷ് നൽകിയ പാസിൽ നിന്നും ദിമിത്രിയോസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.

അതിനു ശേഷം രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. ഒഡിഷ കൃത്യമായ പാസിംഗ് പ്ലേയിലൂടെ മുന്നേറ്റങ്ങൾ സംഘടിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒഡിഷ പ്രതിരോധത്തെ പ്രസ് ചെയ്‌താണ്‌ അവസരങ്ങൾ സൃഷ്‌ടിച്ചത്. ആദ്യപകുതിയിൽ രണ്ടു ടീമിന്റെയും ഗോൾകീപ്പർമാർ മികച്ച സേവുകൾ നടത്തിയത് മത്സരത്തിലെ സ്‌കോർ നിലയിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തി ഒന്നാം പകുതി അവസാനിക്കുന്നതിനു സഹായിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ ഒഡിഷ തന്ത്രങ്ങൾ മാറ്റിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനു മറുപടി ഉണ്ടായിരുന്നില്ല. മത്സരം അറുപത് മിനുട്ട് പിന്നിട്ടപ്പോഴേക്കും രണ്ടു ഗോളുകളാണ് ഒഡിഷ തിരിച്ചടിച്ചത്. രണ്ടു ഗോളുകളും നേടിയത് ടൂർണമെന്റിലെ ടോപ് സ്കോററായ റോയ് കൃഷ്‌ണയായിരുന്നു. ഹെഡറിലൂടെയാണ് താരം ഒഡീഷയെ മത്സരത്തിൽ മുന്നിലെത്തിച്ച രണ്ടു ഗോളുകളും കുറിച്ചത്.

തിരിച്ചടിക്കാൻ ഇവാൻ വുകോമനോവിച്ച് ജസ്റ്റിൻ ഇമ്മാനുവൽ അടക്കം നാല് താരങ്ങളെ അതിനു ശേഷം ഇറക്കിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ വർധിച്ചുവെങ്കിലും അതൊന്നും ഗോൾകീപ്പറെ പരീക്ഷിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതേസമയം പ്രത്യാക്രമണങ്ങളിൽ നിന്നും മികച്ച അവസരങ്ങൾ ഒഡിഷക്ക് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ അവർക്കും കഴിഞ്ഞില്ല.

മത്സരത്തിന്റെ എൺപത്തിരണ്ടാം മിനുട്ടിൽ അവസാനത്തെ സബ് ആയാണ് പുതിയ താരമായ ചെർണിച്ചിനെ ഇവാൻ വുകോമനോവിച്ച് പരീക്ഷിച്ചത്. എന്നാൽ ഒഡിഷ പ്രതിരോധം ഉറച്ചു നിന്നപ്പോൾ താരത്തിനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇഞ്ചുറി ടൈമിൽ രണ്ടു ടീമുകളുടെയും ചില മുന്നേറ്റങ്ങൾ ബോക്‌സിലേക്ക് കണ്ടെങ്കിലും അതൊന്നും ഗോളായി മാറിയില്ല.

Kerala Blasters Lost Against Odisha FC