മികച്ച താരമാണെങ്കിലും കാര്യങ്ങൾ എളുപ്പമാകില്ല, സെർനിച്ചിനു മുന്നറിയിപ്പുമായി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഎസ്എൽ രണ്ടാം പകുതിയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം ഇന്ന് രാത്രി നടക്കാൻ പോവുകയാണ്. ആദ്യപകുതി അവസാനിച്ച സമയത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആ സ്ഥാനം തിരിച്ചു പിടിക്കാൻ വേണ്ടി ഇറങ്ങുമ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഒഡിഷ എഫ്‌സിയാണ് എതിരാളികൾ.

ഒഡിഷ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആരാധകർ പ്രതീക്ഷയോടെ കാണുന്നത് പുതിയ സൈനിങായ ഫെഡോർ സെർനിച്ചിനെയാണ്. യൂറോ യോഗ്യത മത്സരങ്ങളിൽ അടക്കം കളിച്ചു പരിചയമുള്ള താരത്തിനു ബ്ലാസ്റ്റേഴ്‌സിനെ നയിക്കാൻ കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്രയെളുപ്പമാകില്ലെന്ന മുന്നറിയിപ്പ് പരിശീലകൻ നൽകുന്നുണ്ട്.

“ലിത്വാനിയയുടെ നായകനായ ഫെഡോർ മികച്ചൊരു പ്രൊഫെഷണൽ തന്നെയാണ്. വെറുതെ ഒരാൾക്കും ഒരു ദേശീയ ടീമിന്റെ നായകനായി ഇത്രയും കാലം തുടരാൻ കഴിയില്ല. നിലവാരവും മികച്ച മനോഭാവവും, നല്ല സ്വഭാവവുമുള്ള താരം ഇക്കഴിഞ്ഞ ഡിസംബറിലാണ് അവസാനത്തെ മത്സരങ്ങൾ കളിച്ചത്.” ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം പറഞ്ഞു.

“എന്നാൽ ഇന്ത്യയിലേക്ക് വരുന്ന ഏതൊരു യൂറോപ്യൻ താരത്തിനും ഉണ്ടാകുന്നത് പോലെ ഫെഡോറിനും കാര്യങ്ങൾ എളുപ്പമാകില്ല. മൈനസ് പതിനഞ്ചിൽ നിന്നും പ്ലസ് മുപ്പത്തിലേക്കുള്ള മാറ്റത്തോട് പൊരുത്തപ്പെടേണ്ടത് വളരെ പ്രധാനമാണ്.” കേരളത്തിലെയും ഇന്ത്യയിലെയും കാലാവസ്ഥയെ ചൂണ്ടിക്കാട്ടി ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

യൂറോപ്പിൽ നിന്നും ഇന്ത്യയിലെത്തി മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങളുണ്ട്. ഫെഡോർ സെർനിച്ച് വളരെയധികം പരിചയസമ്പന്നനാണ് എന്നതിനാൽ തന്നെ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പെപ്ര പരിക്കേറ്റു പുറത്തു പോയതിനാൽ ഫെഡോറിനു മേലുള്ള ചുമതലയും കൂടുതലാണ്.

Ivan Vukomanovic On Fedor Cernych