രണ്ടു താരങ്ങൾക്ക് സീസൺ തന്നെ നഷ്‌ടമാകാൻ സാധ്യത, കേരള ബ്ലാസ്റ്റേഴ്‌സിനു വമ്പൻ തിരിച്ചടി | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്‌ച വെക്കുന്നത്. ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ തോൽവി വഴങ്ങിയെങ്കിലും ആ തോൽവി അവർ അർഹിച്ചിരുന്നില്ലെന്നതാണ് യാഥാർഥ്യം. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വരുത്തിയ രണ്ടു പിഴവുകളിൽ നിന്നാണ് മുംബൈ ഗോൾ നേടിയത്. അതല്ലെങ്കിൽ മുംബൈയുടെ മൈതാനത്ത് സമനിലയെങ്കിലും ടീം നേടുമായിരുന്നു.

ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നത് തന്നെയാണ്. എന്നാൽ അതിനിടയിൽ പരിക്കിന്റെ പ്രശ്‌നങ്ങൾ ടീമിന് വലിയ തിരിച്ചടി നൽകുന്നുണ്ട്. നേരത്തെ പരിക്കേറ്റ ഇഷാൻ പണ്ഡിറ്റ, സൗരവ് എന്നിവർ ഇതുവരെ ടീമിലേക്ക് തിരിച്ചു വന്നിട്ടില്ല. ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോ ടീമിലെത്തി ഏതാനും ദിവസങ്ങളുടെ ഉള്ളിൽ തന്നെ പരിക്കേറ്റു പുറത്തു പോയിരുന്നു. അതിനു പുറമെ രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൂടി പരിക്കിന്റെ പിടിയിലായിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്കായ ഐബാൻ ഡോഹലിംഗ്, മധ്യനിരയിലെ പ്രധാനിയായ ജീക്സൺ സിങ് എന്നിവരാണ് പരിക്കേറ്റിരിക്കുന്ന താരങ്ങൾ. ഈ രണ്ടു താരങ്ങൾക്കും മുംബൈ സിറ്റിക്കെതിരായ മത്സരത്തിന്റെ ഇടയിലാണ് പരിക്ക് പാടിയിരിക്കുന്നത്. ഐബാൻ ഒരു കൂട്ടിയിടിക്ക് ശേഷം മത്സരത്തിന്റെ നാല്പത്തിയൊന്നാം മിനുട്ടിൽ തന്നെ പിൻവലിക്കപ്പെട്ടിരുന്നു. അതേസമയം ജീക്സൺ സിങ് രണ്ടാം പകുതിയിൽ കളിച്ചിരുന്നില്ല.

ഇതിൽ ഐബാന്റെ പരിക്കാണ് കൂടുതൽ ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരത്തിന് ഈ സീസണിന്റെ ഭൂരിഭാഗവും നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ജീക്സൺ എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ രണ്ടു താരങ്ങളും ടീമിനായി മികച്ച പ്രകടനമാണ് നടത്തുന്നത് എന്നിരിക്കെ ഇവരുടെ അഭാവം ടീമിന് വലിയ രീതിയിലുള്ള തിരിച്ചടി തന്നെയാണ് നൽകുക.

ഇന്റർനാഷണൽ ബ്രേക്ക് വരുന്നതിനാൽ ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം ഒക്ടോബർ 21നാണ് നടക്കുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആ മത്സരത്തിൽ എതിരാളികൾ. പരിക്കേറ്റ ഈ താരങ്ങൾ പുറത്തു പോയതിനൊപ്പം പ്രതിരോധത്തിലെ പ്രാധാന്യവും ഡ്രിങ്കിച്ച് ആ മത്സരത്തിൽ കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കിട്ടിയ താരത്തിന് സസ്‌പെൻഷൻ ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ വലിയൊരു പ്രതിസന്ധി ഘട്ടമാണ് ബ്ലാസ്റ്റേഴ്‌സ് അഭിമുഖീകരിക്കാൻ പോകുന്നത്.

Two Kerala Blasters Players Injured