ഐഎം വിജയൻ പെപ്രയെക്കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യമാകട്ടെ, ആരാധകർ കാത്തിരിക്കുന്നതും ഘാന താരത്തിന്റെ മിന്നും പ്രകടനത്തിനു വേണ്ടിത്തന്നെ | Peprah

തുടർച്ചയായി ഏഴു മത്സരങ്ങൾ കളിച്ച് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരമായ ക്വാമെ പെപ്രയെ കൈവിടാൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് തയ്യാറായിരുന്നില്ല. ഗോളടിക്കാതെ പതറുന്ന താരത്തിന് തുടർച്ചയായി അവസരങ്ങൾ അദ്ദേഹം നൽകി. ഗോളടിച്ചില്ലെങ്കിലും ടീമിന്റെ ഹൈ പ്രെസിങ് ഗെയിമിൽ നിർണായക സംഭാവന നൽകി താരവും മിന്നിത്തിളങ്ങി.

തന്നിൽ വിശ്വാസമർപ്പിച്ച പരിശീലകന് അതിന്റെ പ്രതിഫലം കഴിഞ്ഞ മത്സരത്തിൽ താരം നൽകി. ഒരു ഗോൾ നേടുകയും ഒരു പെനാൽറ്റി വാങ്ങിച്ചെടുക്കുകയും ചെയ്‌ത താരമാണ് തോൽ‌വിയിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ തിരിച്ചുവരാൻ സഹായിച്ചത്. കാത്തിരുന്ന ഗോൾ കണ്ടെത്തി ആത്മവിശ്വാസം നേടിയതിനാൽ തന്നെ പെപ്രയിൽ നിന്നും ഇനിയുള്ള മത്സരങ്ങളിലും കൂടുതൽ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നു.

കേരളത്തിനെ അഭിമാന ഫുട്ബോൾ താരമായ ഐഎം വിജയൻ പെപ്രയുടെ ഗോളിന് ശേഷം താരത്തെ വളരെയധികം പ്രശംസിച്ചിരുന്നു. എല്ലാവരും കാത്തിരുന്ന ഗോളാണ് താരം നേടിയതെന്നും അതിനാൽ തന്നെ കൂടുതൽ സമ്മർദ്ദമില്ലാതെ കളിച്ച് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും ആ ഗോളിന്റെ ഗുണം ഇനിയുള്ള മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാകുമെന്നുമാണ് ഐഎം വിജയൻ പറഞ്ഞത്.

ഐഎം വിജയൻറെ വാക്കുകളെ പെപ്രയും ശരി വെക്കുകയാണുണ്ടായത്. ആ ഗോൾ തനിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ലെന്നും കളിക്കളത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അത് പ്രചോദനം നൽകുന്നുവെന്നുമാണ് താരം പറഞ്ഞത്. തന്നോട് കഠിനമായി അധ്വാനിക്കാനും ഒരു ദിവസം തീർച്ചയായും തിളങ്ങാൻ കഴിയുമെന്ന് ഇവാൻ പറഞ്ഞതായും ഘാന താരം വെളിപ്പെടുത്തിയിരുന്നു.

കായികപരമായി വളരെയധികം മുന്നിൽ നിൽക്കുന്ന താരത്തെ തടുക്കുക എതിരാളികളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്റെ കായികശേഷി ഉപയോഗിച്ച് സ്‌പേസുകൾ ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിയുന്നുണ്ട്. ഗോളുകൾ മാത്രം അകന്നു നിന്നിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ അതുകൂടി നേടിയതോടെ ഇനിയുള്ള മത്സരങ്ങളെ കൂടുതൽ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

IM Vijayan Express His Happiness On Peprah Goal