സ്വന്തമാക്കാൻ ഏഴു ക്ലബുകൾ പിന്നാലെ, ലയണൽ മെസിയുടെ പിൻഗാമി പ്രീമിയർ ലീഗിലേക്കെന്നു സൂചനകൾ | Echeverri

ഇന്തോനേഷ്യയിൽ വെച്ചു നടന്ന അണ്ടർ 17 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ടീമായ അർജന്റീന സെമി ഫൈനലിലാണ് തോൽവി വഴങ്ങി പുറത്തു പോയത്. ജർമനിക്കെതിരെ നടന്ന സെമി ഫൈനലിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഷൂട്ടൗട്ടിൽ അർജന്റീന തോൽവിയേറ്റു വാങ്ങുകയായിരുന്നു. ഇതോടെ ആദ്യമായി അണ്ടർ 17 ലോകകപ്പ് നേടാമെന്ന അർജന്റീനയുടെ ആഗ്രഹവും അവസാനിച്ചു.

ലോകകപ്പിന്റെ സെമി ഫൈനലിൽ തന്നെ പുറത്തു പോയെങ്കിലും അർജന്റീന ആരാധകർക്ക് ആശ്വസിക്കാൻ വക നൽകിയത് ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ യുവതാരങ്ങളാണ്. ടൂർണമെന്റിലെ ടോപ് സ്കോററായ അഗസ്റ്റിൻ റുബെർട്ടോയും മികച്ച പ്രകടനം നടത്തി ലയണൽ മെസിയുടെ പിൻഗാമിയായി അറിയപ്പെട്ട ക്ലൗഡിയോ എച്ചെവരിയുമെല്ലാം അർജന്റീനയുടെ ഭാവി ഭദ്രമാണെന്ന് വ്യക്തമാക്കുന്നു.

ക്ലൗഡിയോ എച്ചെവരിയുടെ മികച്ച പ്രകടനം യൂറോപ്പിലെ പല ക്ലബുകളുടെയും ശ്രദ്ധ താരത്തിൽ പതിയാൻ കാരമായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിലെ ഏഴു ക്ലബുകളാണ് റിവർപ്ലേറ്റ് താരത്തിനായി ശ്രമം നടത്തുന്നത്. മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, എസി മിലൻ, യുവന്റസ്, പിഎസ്‌ജി, ബെൻഫിക്ക എന്നിവരാണ് താരത്തിനായി രംഗത്തുള്ളത്.

എന്നാൽ താരത്തെ സ്വന്തമാക്കാൻ മുൻതൂക്കമുള്ളത് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്കാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ റിവർപ്ലേറ്റിൽ നിന്നും ജൂലിയൻ അൽവാരസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. സമാനമായ രീതിയിൽ ഇരുപത്തിയഞ്ചു മില്യൺ യൂറോ റിലീസിംഗ് ക്ലോസുള്ള അർജന്റീന താരത്തെയും സ്വന്തമാക്കാനാണു സിറ്റി ഒരുങ്ങുന്നത്.

ലയണൽ മെസിയെ ആരാധിക്കുന്ന എച്ചെവരിക്ക് ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് ആഗ്രഹമെങ്കിലും അവരുടെ നിലവിലെ സാമ്പത്തികസ്ഥിതി അതിനു അനുകൂലമല്ല. എന്നാൽ മെസിയെ യൂറോപ്പിന്റെ നെറുകയിലെത്തിച്ച ഗ്വാർഡിയോളയുടെ കീഴിൽ കളിക്കുന്നത് എച്ചെവരിയുടെ കരിയറിനു ഗുണം ചെയ്യും. അതേസമയം താരത്തിന്റെ റിലീസിംഗ് ക്ലോസ് വർധിപ്പിക്കാൻ റിവർപ്ലേറ്റ് ശ്രമം നടത്തുന്നുണ്ട്.

Echeverri Monitored By 7 European Clubs