കഴിഞ്ഞ സീസണിലെ ഗോളടിയന്ത്രം തിരിച്ചു വന്നിരിക്കുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ദിമിത്രിസിന്റെ ഉറപ്പ് | Dimitris

കേരള ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിലും മിന്നുന്ന പ്രകടനം തുടരുകയാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിസ് ഡയമെന്റക്കൊസ്. കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യമായി ബൂട്ട് കെട്ടിയ കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത താരം ഈ സീസണിലിതു വരെ പരിക്കും വിലക്കും കാരണം ആറു മത്സരങ്ങളേ കളിച്ചിട്ടുള്ളൂവെങ്കിലും നിലവിൽ നാല് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ പതറിയ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവന്നത് ദിമിത്രിസിന്റെ ഇരട്ടഗോളുകളിലൂടെയാണ്. ആദ്യത്തെ ഗോൾ പെനാൽറ്റിയിലൂടെ നേടിയ താരം രണ്ടാമത്തെ ഗോൾ ഒരു തണ്ടർ സ്‌ട്രൈക്കിലൂടെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഐഎസ്എൽ വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിൽ തന്റെ ഗോളിനെക്കുറിച്ചും പരിശീലകനെക്കുറിച്ചും താരം പ്രതികരിക്കുകയുണ്ടായി.

“പരിക്ക് കാരണം പ്രീ സീസണിലെ എല്ലാ മത്സരങ്ങളും നഷ്‌ടമായെങ്കിലും അതവസാനിച്ചുവെന്നും ഞാൻ നല്ല ഷേപ്പിൽ ഫോമിലേക്ക് തിരിച്ചെത്തിയെന്നുമാണ് കരുതുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും എനിക്ക് ടീമിനെ സഹായിക്കുന്ന ഗോൾ നേടാൻ കഴിഞ്ഞു. കഴിഞ്ഞ സീസണിൽ കളിച്ചിരുന്ന, എല്ലാവർക്കും അറിയാവുന്ന, ടീമിനെ സഹായിക്കുന്ന ആ ദിമി തിരിച്ചെത്തിയന്നാണ്‌ ഞാൻ കരുതുന്നത്.” ദിമിത്രിസ് പറഞ്ഞു.

ഇവാൻ വുകോമനോവിച്ചുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ഫുട്ബോൾ തനിക്ക് പെട്ടന്ന് മനസിലാക്കാൻ കഴിഞ്ഞുവെന്നും ദിമിത്രിസ് പറയുന്നു. ഇവാൻ ആക്രമണഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും തനിക്കും അതാണ് പ്രിയമെന്നും താരം വ്യക്തമാക്കി. താരങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാനും അദ്ദേഹം ശ്രമിക്കാറുണ്ടെന്നും ഗ്രീക്ക് താരം കൂട്ടിച്ചേർത്തു.

ആറു മത്സരങ്ങളിൽ നാല് കളികളിൽ മാത്രം സ്റ്റാർട്ട് ചെയ്‌താണ്‌ ദിമിത്രിയോസ് നാല് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ സീസണിലേക്കാൾ മികച്ച പ്രകടനമാണ് ഗ്രീക്ക് താരത്തിൽ നിന്നും ഉണ്ടാകുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഈ മാസത്തെ മത്സരങ്ങൾ വളരെയധികം നിർണായകമാണെന്നിരിക്കെ താരത്തിന്റെ ഫോം കൂടുതൽ പ്രതീക്ഷയാണ്.

Dimitris Says He Back In Form For Kerala Blasters