ഇനിയുള്ള അങ്കം ലയണൽ മെസിക്കൊപ്പം, ബ്രസീലിയൻ ക്ലബിനായി അവസാനമത്സരം കളിക്കാൻ ലൂയിസ് സുവാരസ് | Suarez

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മുന്നേറ്റനിരകളിൽ ഒന്നായിരുന്നു ബാഴ്‌സലോണയുടെ എംഎസ്എൻ. നെയ്‌മർ പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ പിരിഞ്ഞ ആ ത്രയത്തിൽ ബാക്കിയുണ്ടായിരുന്ന മെസി-സുവാരസ് സഖ്യം വീണ്ടും ഒരുമിച്ച് തുടർന്നു. കളിക്കളത്തിലും പുറത്തും ഇത്രയധികം ഒത്തിണക്കവും സൗഹൃദവും കാണിച്ച മറ്റൊരു സഖ്യം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.

സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ പിരിഞ്ഞ ആ സഖ്യം പിന്നീടിതു വരെ കളിക്കളത്തിൽ ഒരുമിച്ചിട്ടില്ല. എന്നാൽ അവർ തമ്മിലുള്ള സൗഹൃദം അതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയും യുറുഗ്വായും തമ്മിൽ നടന്ന മത്സരത്തിൽ അത് കണ്ടതാണ്. ഇപ്പോൾ ആ രണ്ടു താരങ്ങളും കളിക്കളത്തിലും വീണ്ടുമൊരുമിക്കാൻ പോവുകയാണ്.

നിലവിൽ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ കളിക്കുന്ന സുവാരസ് ഈ സീസൺ കഴിയുന്നതോടെ ക്ലബ് വിടുകയാണെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. താരം ഗ്രമിയോയുടെ മൈതാനത്ത് അവസാനത്തെ മത്സരമാണ് ഇന്ന് കളിക്കുകയെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ഗ്രെമിയോക്ക് ഇനി രണ്ടു മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്.

ഗ്രെമിയോ വിടുന്ന താരം അതിനു ശേഷം ഫ്രീ ഏജന്റായി ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തന്നെയാണ് ഉറ്റു നോക്കുന്നത്. വലിയ തുക പ്രതിഫലം വാങ്ങുന്ന വിദേശതാരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ ചില സങ്കീർണതകൾ ഉണ്ടെങ്കിലും സുവാരസിനെ സ്വന്തമാക്കാൻ കഴിയുമെന്ന ഉറപ്പിലാണ് ഇന്റർ മിയാമി. അത് സംഭവിച്ചാൽ മെസിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയാണ് ഒപ്പം ലഭിക്കുക.

മെസിയും സുവാരസും ഒരുമിച്ചാൽ ഇന്റർ മിയാമിയുടെ ഫോം മികച്ചതാകുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം നിലവിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ഗ്രെമിയോയും ഒന്നാം സ്ഥാനത്തുള്ള പാൽമീറാസും തമ്മിൽ നാല് പോയിന്റ് മാത്രമാണ് വ്യത്യാസം. കിരീടം നേടുക ബുദ്ധിമുട്ടാണെങ്കിലും കോപ്പ ലിബർട്ടഡോസ് യോഗ്യത നേടിക്കൊടുക്കുകയെന്നതാകും ടീമിന്റെ ടോപ് സ്കോററായ സുവാരസിന്റെ ലക്‌ഷ്യം.

Suarez Close To Join With Messi In Inter Miami