വമ്പന്മാരുമായി കോർത്തപ്പോൾ കൊമ്പൊടിഞ്ഞു, ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ഒന്നാം സ്ഥാനത്തേക്ക് മുന്നേറി എഫ്‌സി ഗോവ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ എഫ്‌സി ഗോവയുടെ മൈതാനത്ത് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശകരമായ ആദ്യപകുതിക്കും നിരാശപ്പെടുത്തിയ രണ്ടാം പകുതിക്കും ശേഷം ഒരു ഗോളിനാണ് എഫ്‌സി ഗോവ വിജയം നേടിയത്. 2016നു ശേഷം ഗോവയുടെ മൈതാനത്ത് ജയിക്കാൻ കഴിഞ്ഞില്ലെന്ന നാണക്കേട് ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയപ്പോൾ ഗോവ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.

രണ്ടു ടീമുകളുടെയും മികച്ച ആക്രമണങ്ങൾ കൊണ്ടാണ് ആദ്യപകുതി തുടങ്ങിയത്. ഗോവ താരത്തിന്റെ ഒരു ഷോട്ട് സച്ചിൻ സുരേഷ് പിടിച്ചെടുത്തതിന് പിന്നാലെ വിബിൻ മോഹനന്റെ ഒരു ലോങ്ങ് റേഞ്ചർ ശ്രമം ഗോവ ഗോൾകീപ്പറും തടഞ്ഞിട്ടു. അതിനു പിന്നാലെ പെപ്രക്ക് ഒരു സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ താരത്തിന്റെ ഷോട്ട് പോസ്റ്റിനരികിലൂടെ പുറത്തു പോയി.

അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ കുറവായിരുന്നു. അതേസമയം ഗോവ ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖം ആക്രമിക്കുന്നത് തുടർന്ന്. വിക്ടറിന്റെ ഒരു ഷോട്ട് ഹോർമിപാം ഹെഡ് ചെയ്‌തു കുത്തിയകറ്റിയതിനു പുറമെ ഒരു ക്ലോസ് റേഞ്ച് ഷോട്ട് സച്ചിൻ രക്ഷപ്പെടുത്തുകയും ചെയ്‌തു. അതിനു പിന്നാലെ വന്ന ഒരു ഷോട്ട് പോസ്റ്റിനരികിലൂടെയും പുറത്തു പോയി.

കേരള ബ്ലാസ്റ്റേഴ്‌സ് ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഭീഷണിയായില്ല. മുപ്പത്തിയൊമ്പതാം മിനുട്ടിൽ ജിങ്കന് ലഭിച്ച ഒരവസരം താരം പോസ്റ്റിനു മുകളിലൂടെ വിട്ടത് ബ്ലാസ്റ്റേഴ്‌സിന് അനുഗ്രഹമായി. അതിനു പിന്നാലെ തുടർച്ചയായി വന്ന രണ്ടു ഗോൾ ശ്രമങ്ങളിൽ ഒന്ന് ഡ്രിഞ്ചിച്ച് ബ്ലോക്ക് ചെയ്യുകയും മറ്റൊന്ന് പുറത്തേക്ക് പോവുകയും ചെയ്‌തു.

ഇഞ്ചുറി ടൈമിലാണ് ഗോവയുടെ ഗോൾ വരുന്നത്. അവിടെയും റഫറി വില്ലനായെന്ന് പറയാതെ വയ്യ. ഗോവ താരം കാലിടറി വീണതിന് നവോച്ചക്കെതിരെ റഫറി ഫ്രീകിക്ക് വിധിച്ചു. വിക്ടർ റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് റൗളിൻ ബോർജസ് ഒരു വോളിയിലൂടെ വലയിലെത്തിച്ചു. അതിനു പിന്നാലെ താരം പരിക്കേറ്റു കയറിപ്പോകുന്നതുമാണ് കണ്ടത്.

രണ്ടാം പകുതിയിൽ ആഞ്ഞടിച്ചു സമനില ഗോൾ കണ്ടെത്തേണ്ടിയിരുന്ന ബ്ലാസ്റ്റേഴ്‌സ് അതിനു കഴിയാതെ ഉഴറുന്നതാണ് കണ്ടത്. മധ്യനിര തീർത്തും നിരാശപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്നുമുണ്ടായത്. അതൊന്നും ഗോൾകീപ്പറെ പരീക്ഷിക്കുക പോലും ചെയ്‌തില്ല. ദിമിത്രിസ് എടുത്ത ഒരു ഫ്രീകിക്ക് മാത്രമാണ് എഴുപതു മിനുട്ട് പിന്നിടുമ്പോൾ ഗോവൻ കീപ്പറെ പരീക്ഷിച്ചത്.

മത്സരം തിരിച്ചു പിടിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്‌സ് ഏതാനും പകരക്കാരെ പരീക്ഷിച്ചെങ്കിലും അതിനൊന്നും ഫലമുണ്ടാക്കാൻ കഴിഞ്ഞില്ല. ചില മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും മുന്നേറ്റനിരയിലെ വിഷന്റെ കുറവും കൃത്യതയില്ലായ്‌മയും മുഴച്ചു നിന്നിരുന്നു. എന്തായാലും ആദ്യത്തെ ഇരുപതു മിനുട്ടിനു ശേഷം പിന്നീട് കളിക്കളത്തിൽ ഇല്ലാതിരുന്ന ബ്ലാസ്റ്റേഴ്‌സ് അർഹിച്ച പരാജയം തന്നെയാണ് ഏറ്റു വാങ്ങിയത്.

Kerala Blasters Lost Against FC Goa In ISL