ഗോവ ജയിച്ചതല്ല, ജയിപ്പിച്ചതാണ്; വീണ്ടും റഫറിയുടെ ചതിയിൽ വീണ് ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എഫ്‌സി ഗോവയോട് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുകയായിരുന്നു. ഗോവയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റൗളിൻ ബോർഹസ് നേടിയ ഒരേയൊരു ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഒന്നാം സ്ഥാനം ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായി.

എന്നാൽ മത്സരത്തിൽ സമനിലയെങ്കിലും ബ്ലാസ്റ്റേഴ്‌സ് അർഹിച്ചിരുന്നുവെന്നതാണ് സത്യം. ഗോവക്ക് മത്സരത്തിൽ ആധിപത്യം ഉണ്ടായിരുന്നുവെന്നതും അവർ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയെന്നതും സത്യമാണ്. ഒരു ഗോൾ വഴങ്ങിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റങ്ങളെ അവർ സമർത്ഥമായി തടയുകയും ചെയ്‌തു. എന്നാൽ അവർ നേടിയ വിജയഗോൾ ഗോവ ഒരിക്കലും അർഹിച്ചിരുന്നതല്ല.

മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറക്കുന്നത്. ഗോവ താരത്തെ ബ്ലാസ്റ്റേഴ്‌സ് താരമായ നവോച്ച സിങ് കോർണറിന്റെയും ബോക്‌സിന്റെയും ഇടയിൽ വെച്ച് ഫൗൾ ചെയ്‌തതിന്‌ റഫറി ഫ്രീ കിക്ക് നൽകിയിരുന്നു. താൻ ഫൗൾ നടത്തിയിട്ടില്ലെന്നു വാദിച്ച് റഫറിയോട് രൂക്ഷമായ രീതിയിൽ പ്രതികരിച്ചതിന് നവോച്ച സിങ്ങിന് മഞ്ഞക്കാർഡും ലഭിക്കുകയുണ്ടായി.

എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ നിന്നും അതൊരു ഫൗൾ അല്ലെന്നു വ്യക്തമായിരുന്നു. മറിച്ച് ഗോവ താരം കാലിടറിയാണ് വീണതെന്നും നവോച്ച സിങ് യാതൊരു ഫൗളും നടത്തിയിട്ടില്ലെന്നും ദൃശ്യം കാണിച്ചു തന്നു. എന്നാൽ റഫറിയുടെ തീരുമാനം മാറ്റാൻ യാതൊരു വഴിയുമില്ലല്ലോ. റഫറി തെറ്റായി അനുവദിച്ച ആ ഫ്രീ കിക്കിൽ നിന്നും ഗോൾ നേടി ഗോവ മത്സരത്തിൽ മുന്നിലെത്തുകയും ചെയ്‌തു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം മോശമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഇതുവരെ കണ്ട ബ്ലാസ്‌റ്റേഴ്‌സിനെ അല്ല ഇന്നലെ ഗോവക്കെതിരെ കണ്ടത്. എന്നാൽ ഗോവയുടെ ആക്രമണങ്ങളെ നല്ല രീതിയിൽ തടുത്തു കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്‌സ് ആ ഗോൾ വഴങ്ങിയതോടെ ആത്മവിശ്വാസം നഷ്‌ടപ്പെട്ട ഒരു കൂട്ടമായി മാറി. ബ്ലാസ്റ്റേഴ്‌സ് തോറ്റതല്ല, തോൽപ്പിച്ചതാണെന്ന് വ്യക്തമാണ്.

റഫറിയുടെ തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടി നൽകുന്നത് ഇതാദ്യമായല്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഓരോ സമയത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതിഷേധങ്ങൾ ശക്തമായി ഉയരുമ്പോഴും അതിനു യാതൊരു പ്രതിവിധിയും ഉണ്ടാകുന്നില്ല. ഫലമോ, ഇതുപോലെയുള്ള നിർണായകമായ മത്സരങ്ങളിൽ ടീം തിരിച്ചടി നേരിടുകയും ചെയ്യുന്നു.

Kerala Blasters Lost Due To Referee Mistake