സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു, ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു
സന്തോഷ് ട്രോഫിയിൽ തുടർച്ചയായ നാലാം മത്സരത്തിലും വിജയം നേടി കേരളം കുതിക്കുന്നു. ഇന്നു നടന്ന മത്സരത്തിൽ ജമ്മു കാശ്മീരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം കീഴടക്കിയത്. ഇതോടെ മിസോറാമിൽ നിന്നും ഗ്രൂപ്പിലെ ഒന്നാം സ്ഥാനം കേരളം തിരിച്ചു പിടിച്ചു. വിജയത്തോടെ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യതയും കേരളം ഏതാണ്ട് ഉറപ്പിച്ചതു പോലെയാണ്. ഇനി മിസോറാമിനെതിരെ ഒരു മത്സരം മാത്രമാണ് കേരളത്തിന് ബാക്കിയുള്ളത്.
ആദ്യപകുതിയിൽ കേരളത്തെ കൃത്യമായി പ്രതിരോധിക്കുന്നതിൽ ജമ്മു കാശ്മീർ വിജയിച്ചിരുന്നു. വലിയ പഴുതുകളൊന്നും അവർ വരുത്തിയില്ല. കേരളത്തിന്റെ ഏതാനും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ജമ്മു കാശ്മീർ ഗോൾകീപ്പർക്ക് അവയൊന്നും വലിയ ഭീഷണിയായി മാറിയില്ല. അതേസമയം ജമ്മു കാശ്മീർ ആക്രമണത്തിൽ തീരെ പിന്നിലായിരുന്നു. കേരള ഗോൾകീപ്പർക്ക് അവർ യാതൊരു തരത്തിലും ഭീഷണി ആയതേയില്ല.
എന്നാൽ രണ്ടാം പകുതിയിൽ കേരളം മുഴുവനായും മാറി. മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിച്ച അവർ അൻപത്തിയൊന്നാം മിനിറ്റിൽ മുന്നിലെത്തി. ബോക്സിലേക്ക് വന്ന പന്ത് പിടിച്ചെടുക്കാൻ ജമ്മു കാശ്മീർ ഗോൾകീപ്പർക്ക് കഴിയാതെ വന്നപ്പോൾ അസാധ്യമായ ഒരു ആംഗിളിൽ നിന്നും വിഘ്നേഷ് ശിവൻ കേരളത്തെ മുന്നിലെത്തിച്ചു. അതിനു ശേഷം അറുപത്തിനാലാം മിനുട്ടിൽ ജമ്മുവിന്റെ ഒരു മികച്ച മുന്നേറ്റം വന്നെങ്കിലും പന്ത് പോസ്റ്റിൽ തട്ടി തെറിച്ചത് കേരളത്തിന് രക്ഷയായി.
76th National Football Championship for Santosh Trophy 2022-23 🏆
— Kerala Football Association (@keralafa) January 5, 2023
FULL-TIME 🏆
Kerala 3️⃣ – 0️⃣ Jammu and Kashmir #IndianFootball #keralafootball #SantoshTrophy #Kerala pic.twitter.com/Yt5SCUwnMw
എഴുപത്തിയാറാം മിനുട്ടിലാണ് കേരളത്തിന്റെ അടുത്ത ഗോൾ വന്നത്. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ വിശാഖ് മോഹന്റെ പാസ് സ്വീകരിച്ച് റിസ്വാൻ അലി വല കുലുക്കുകയായിരുന്നു. അതിനു പിന്നാലെ ആദ്യത്തെ ഗോൾ നേടിയ വിഘ്നേഷ് വഴിയൊരുക്കിയ കേരളത്തിന്റെ മൂന്നാം ഗോൾ പിറന്നു. നിജോ ഗില്ബർട്ട്സാണ് തൊണ്ണൂറാം മിനുട്ടിൽ കേരളത്തിനായി മൂന്നാമത്തെ ഗോൾ നേടിയത്.
തുടർച്ചയായ നാലാമത്തെ മത്സരത്തിലും വിജയം നേടിയതോടെ കേരളം ഗ്രൂപ്പിൽ മിസോറാമിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. കേരളത്തിനും മിസോറാമിനും പന്ത്രണ്ടു പോയിന്റാണുള്ളത്. ബീഹാർ, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ് എന്നിവരെയാണ് കേരളം കഴിഞ്ഞ മത്സരങ്ങളിൽ തോൽപ്പിച്ചത്. അടുത്ത മത്സരത്തിൽ കേരളവും മിസോറവും തമ്മിലുള്ള മത്സരമാവും ഗ്രൂപ്പ് ചാമ്പ്യന്മാരെ തീരുമാനിക്കുക.