“ലോകകപ്പ് നേടിയത് പിഎസ്‌ജി ആരാധകരുടെ മുന്നിൽ ആഘോഷിക്കാൻ മെസി ആവശ്യപ്പെട്ടിട്ടില്ല”- പിഎസ്‌ജി പരിശീലകൻ പറയുന്നു

ഏറെ കാത്തിരുന്ന ലോകകപ്പ് കിരീടം ഇത്തവണ ലയണൽ മെസി ഖത്തറിൽ വെച്ച് ഉയർത്തിയെങ്കിലും ക്ലബിനൊപ്പം അത് ആഘോഷിക്കാൻ താരത്തിന് കഴിയുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ലയണൽ മെസി ബാഴ്‌സലോണയിലാണ് കളിച്ചിരുന്നതെങ്കിൽ അർജന്റീനയിൽ ഉണ്ടായിരുന്നതിനു സമാനമായ ആഘോഷങ്ങൾ ബാഴ്‌സയിലും നടക്കുമായിരുന്നു എന്നുറപ്പാണ്. എന്നാൽ ലോകകപ്പ് ഫൈനലിൽ അർജന്റീന തോൽപ്പിച്ച ഫ്രാൻസിലെ ക്ലബിലാണ് മെസി കളിക്കുന്നത് എന്നതിനാൽ ക്ലബ് തലത്തിൽ മെസിക്ക് ആഘോഷം നടത്തുന്നതിൽ പരിമിതിയുണ്ട്.

ലോകകപ്പ് കഴിഞ്ഞ സമയത്ത് ഉയർന്നു വന്ന വാർത്തകളിൽ ഒന്നായിരുന്നു ലയണൽ മെസി ലോകകപ്പ് കിരീടനേട്ടം പിഎസ്‌ജിയുടെ മൈതാനത്ത് ആഘോഷിക്കാൻ വേണ്ടി അനുവാദം ചോദിച്ചുവെന്നും എന്നാൽ അക്കാര്യത്തിൽ നിലപാട് എടുക്കുന്നതിൽ പിഎസ്‌ജി സങ്കീർണമായ സാഹചര്യം നേരിടുകയാണെന്നും. അർജന്റീന തോൽപ്പിച്ച ഫ്രാൻസിൽ വെച്ച് മെസിക്ക് വിപുലമായ സ്വീകരണം നൽകിയാൽ അതിനോട് ആരാധകർ എങ്ങിനെ പ്രതികരിക്കുമെന്ന ആശങ്കയാണ് ഇതിനു കാരണമെന്നും ആ സമയത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

എന്നാൽ ലയണൽ മെസി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് പിഎസ്‌ജി പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ വ്യക്തമാക്കുന്നത്. ഫ്രഞ്ച് കപ്പ് മത്സരത്തിനു മുന്നോടിയായ പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ലോകകപ്പ് നേടിയതിന്റെ ആഘോഷങ്ങൾ നടത്തണമെന്ന യാതൊരു ഡിമാൻഡും ലയണൽ മെസി മുന്നോട്ടു വെച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മെസിക്ക് പിഎസ്‌ജിയുടെ വക സ്വീകരണം നൽകുമോയെന്ന കാര്യത്തിലും അദ്ദേഹം മറുപടി നൽകി. താരം പാർക് ഡി പ്രിൻസസിൽ അടുത്ത മത്സരം കളിക്കാനെത്തുമ്പോൾ അതു നോക്കാമെന്നും ഗാൾട്ടിയർ പറഞ്ഞു.

ഫ്രഞ്ച് കപ്പിൽ നടക്കുന്ന മത്സരത്തിൽ ലയണൽ മെസി, നെയ്‌മർ തുടങ്ങിയ താരങ്ങൾ കളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ നെയ്‌മർക്ക് ചെറിയ പരിക്കേറ്റെന്നും അതിനു താരം ചികിത്സ തേടുകയാണെന്നും ഗാൾട്ടിയർ വ്യക്തമാക്കി. അതേസമയം ലയണൽ മെസി ടീമിൽ ചേർന്ന് അധിക ദിവസങ്ങൾ ആകാത്തതു കൊണ്ടാണ് മത്സരം നഷ്‌ടമാകുന്നതെന്നാണ് കരുതേണ്ടത്. ഇതോടെ ആങ്കേഴ്‌സിനെതിരെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിലായിരിക്കും ലയണൽ മെസി ക്ലബിനായി തിരിച്ചെത്തുക.