മെസി ഒരുപാട് ബഹുമാനം അർഹിക്കുന്ന താരം, ചെയ്‌തത്‌ വലിയ തെറ്റാണെന്നു സമ്മതിച്ച് എംബാപ്പെ | Mbappe

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് കാറ്റലൻ ക്ലബിലേതു പോലെ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനമാണ് രണ്ടു സീസണുകളിലും നടത്തിയത്. ബാഴ്‌സലോണയിൽ ലഭിച്ചിരുന്ന സ്വാതന്ത്ര്യം ഫ്രഞ്ച് ക്ലബിനൊപ്പം അർജന്റീന താരത്തിന് ലഭിച്ചില്ലെങ്കിലും രണ്ടു സീസണുകളിൽ ടീമിന്റെ നേട്ടങ്ങളിൽ പ്രധാന പങ്കു വഹിക്കാൻ മെസിക്ക് കഴിഞ്ഞിരുന്നു.

ടീമിനായി മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന കാലഘട്ടങ്ങളിൽ ഫ്രഞ്ച് ആരാധകരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം മെസിക്ക് നേരിടേണ്ടി വന്നിരുന്നു. അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ച് ലോകകപ്പ് കിരീടം നേടിയത് അതിനൊരു കാരണമായി. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിക്കെ എംബാപ്പെ ഫ്രഞ്ച് ആരാധകർ മെസിയോട് ചെയ്‌തതിനെ വിമർശിച്ച് സംസാരിക്കുകയുണ്ടായി.

മെസിക്കൊപ്പം കളിക്കുന്നത് ഒരു സ്‌ട്രൈക്കറെ സംബന്ധിച്ച് ലക്ഷ്വറി അനുഭവമാണെന്നു പറഞ്ഞതിനൊപ്പമാണ് എംബാപ്പെ ഫ്രഞ്ച് ആരാധകരുടെ സമീപനത്തെ വിമർശിച്ചത്. ലയണൽ മെസി ഒരുപാട് ബഹുമാനം അർഹിക്കുന്ന താരമാണെന്നും ആരാധകർ അതു നൽകിയില്ലെന്നും എംബാപ്പെ പറഞ്ഞു. മെസിയോട് ഫ്രഞ്ച് ആരാധകർ ചെയ്‌തത്‌ ആലോചിക്കുമ്പോൾ നാണക്കേട് തോന്നുന്നുണ്ടെന്നും എംബാപ്പെ പറഞ്ഞു.

ഖത്തർ ലോകകപ്പിന് ശേഷം ഫ്രഞ്ച് ആരാധകർ മെസിക്കെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. കളിക്കളത്തിലും പുറത്തും താരത്തെ ആരാധകർ കൂക്കി വിളിക്കുകയുണ്ടായി. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകാൻ കാരണം മെസിയാണെന്ന ആരോപണം അടക്കം അവർ നടത്തി. പിഎസ്‌ജി കരാർ പുതുക്കുമായിരുന്ന മെസി അതിൽ നിന്നും പിന്മാറാൻ കാരണം ആരാധകർ തന്നെയാണ്.

ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കാതിരുന്നതിൽ എംബാപ്പെക്ക് നിരാശയുണ്ടെന്ന് താരത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ലയണൽ മെസിയെപ്പോലൊരു താരം കൂടെയുണ്ടായിരുന്നെങ്കിൽ കൂടുതൽ ഗോളുകൾ നേടാനും കിരീടങ്ങൾ സ്വന്തമാക്കാനും ശ്രദ്ധ ലഭിക്കാനും അത് സഹായിക്കും. അതുകൊണ്ടു തന്നെയാണ് താരത്തെ മിസ് ചെയ്യുന്നുണ്ടെന്ന് എംബാപ്പെ പറഞ്ഞതും.

Mbappe Says Messi Didnt Get Respect From French Fans