ലൂണയുടെ പകരക്കാരനായി പുതുമുഖമെത്തിയേക്കും, ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു | Kerala Blasters

അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ആരു വരുമെന്ന് ആരാധകർ കാത്തിരിക്കുകയാണ്. ഡിസംബർ പകുതിയോടെ പരിക്കേറ്റു പുറത്തു പോയ താരത്തിന്റെ സ്ഥാനത്തേക്ക് നിരവധി താരങ്ങളുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ജനുവരിയിൽ ലൂണക്ക് പകരക്കാരനായി ഒരു താരം എത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വ്യക്തമാക്കുന്നുണ്ട്.

അതിനിടയിൽ ഫുട്ബോൾ എക്‌സ്‌ക്ലൂസീവ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയിട്ടുണ്ടെന്നും ട്രാൻസ്‌ഫർ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അവർ പറയുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തിക്കുകയെന്നും അവർ പറയുന്നുണ്ട്.

എന്നാൽ താരം ആരാണെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും നിലവിലില്ല. ലൂണയുടെ പകരക്കാരൻ എന്ന നിലയിൽ ടീമിലേക്ക് എത്തിക്കുമ്പോൾ മികച്ചൊരു താരത്തെ തന്നെ വേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ സീസണിലെ കിരീടപ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ സാധിക്കൂ. അതിനു പുറമെ ഇന്ത്യയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന കളിക്കാരനുമാകണം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. പരിക്കേറ്റു പുറത്തു പോകുന്നത് വരെ ടീമിനെ നയിച്ചിരുന്ന നായകൻ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടു മാസങ്ങളിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലൂണയായിരുന്നു. അത്രയും പ്രധാനപ്പെട്ട ഒരു താരത്തിനാണ് പകരക്കാരനെ തേടുന്നത്.

അതേസമയം ലൂണയുടെ അഭാവത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് ലീഗിൽ നടത്തുന്നത്. ലൂണയില്ലാതെ ഇറങ്ങിയ മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ടീം വിജയം നേടിയത്. അതുകൊണ്ടു തന്നെ ലൂണയുടെ പകരക്കാരനായി ആരെത്തിയാലും അവർക്ക് ബ്ലാസ്റ്റേഴ്‌സിൽ സ്ഥിരസാന്നിധ്യമായി മാറാൻ ബുദ്ധിമുട്ടേണ്ടി വരും.

Kerala Blasters Close To Sign Luna Replacement