VAR-ലേക്ക് ആദ്യത്തെ ചുവടുവെപ്പുമായി ഇന്ത്യൻ ഫുട്ബോൾ, AVRS കൊണ്ടുവരാനുള്ള പദ്ധതിയുമായി എഐഎഫ്എഫ് | AVRS

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം വിമർശനങ്ങൾ ആരാധകരിൽ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ടാവുക മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിമാരായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ലീഗായിട്ടും റഫറിമാരുടെ വമ്പൻ പിഴവുകൾ പല മത്സരങ്ങളുടെയും നിറം കെടുത്തുന്ന അനുഭവം ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്. അതിനെതിരെ ആരാധകപ്രതിഷേധവും ശക്തമായി ഉയർന്നു വന്നിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിയിങ് പിഴവുകൾ കുറക്കുന്നതിന് വേണ്ടി വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനം കൊണ്ടുവരണമെന്ന ആവശ്യം ആരാധകർ ഉയർത്തിയിരുന്നു. വാർ ലൈറ്റ് കൊണ്ടുവരാമെന്ന് എഐഎഫ്എഫ് വാഗ്‌ദാനം നൽകിയിരുന്നെങ്കിലും അതൊന്നും ഫലത്തിൽ വന്നില്ല. അതിനിടയിൽ ഇപ്പോൾ AVRS സംവിധാനം ഇന്ത്യൻ ഫുട്ബോളിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.

AVRS അല്ലെങ്കിൽ അഡീഷണൽ വീഡിയോ റിവ്യൂ സിസ്റ്റത്തിന്റെ ട്രയലിൽ പങ്കാളിയാകാൻ ഇന്ത്യ സാധ്യത തേടിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി എഐഎഫ്എഫ് വെളിപ്പെടുത്തിയത്. VAR സംവിധാനത്തിൽ പ്രത്യേകം റൂമിലുള്ള റഫറിമാരാണ് പ്രധാന റഫറിക്ക് അസിസ്റ്റൻസ് നൽകുകയെങ്കിൽ AVRS സംവിധാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റു ടെക്‌നിക്കൽ സഹായം എന്നിവ വഴിയാണത് നൽകുക.

വീഡിയോ അസിസ്റ്റന്റ് റഫറിയിങ് പോലെത്തന്നെ റഫറിമാർ മൈതാനത്ത് വരുത്തുന്ന പിഴവുകൾ വളരെയധികം സഹായിക്കുന്ന പദ്ധതിയാണ് AVRS. മൾട്ടി ആംഗിൾ, മൾട്ടി ക്യാമറ ബ്രോഡ്‌കാസ്റ്റ് ഫീഡിലൂടെ റഫറിമാർക്ക് വീഡിയോ കണ്ട് തങ്ങളുടെ തീരുമാനത്തെ വിശകലനം ചെയ്യാൻ കഴിയും. VAR കൂടുതൽ ചിലവേറിയതായതിനാലാണ് AVRS കൊണ്ടുവരാൻ എഐഎഫ്എഫ് നീക്കങ്ങൾ നടത്തുന്നത്.

മാച്ച് റഫറിമാർ എടുക്കുന്ന തീരുമാനങ്ങളിൽ പിഴവുകൾ സാങ്കേതികവിദ്യ ഉപയോഗിച്ച് ലഘൂകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കല്യാൺ ചൗബേ പറഞ്ഞു. AVRS ഇന്ത്യയെപ്പോലൊരു രാജ്യത്തിന് മികച്ച ഓപ്‌ഷനാണെന്നും VAR തന്നെ നടപ്പിലാക്കാൻ തങ്ങൾ ശ്രമം തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. റഫറിമാരുടെ തെറ്റുകൾ കുറക്കുക പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

AIFF Explore Possibility To Implement AVRS In Indian Football