ദിസ് ഈസ് ബിസിനസ്, കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തെ അത്രയെളുപ്പം സ്വന്തമാക്കാമെന്ന് എതിരാളികൾ കരുതേണ്ട | Kerala Blasters

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വളരെ ശക്തമായിട്ടുണ്ട്. അഡ്രിയാൻ ലൂണയുടെ പകരക്കാരനെക്കുറിച്ച് മാത്രമല്ല, മറിച്ച് ബ്ലാസ്റ്റേഴ്‌സിൽ നിലവിലുള്ള താരങ്ങളിൽ ചിലർ ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ശക്തമാണ്. അതിൽ അപ്രതീക്ഷിതമായി ഉയർന്നു കേട്ട പേരാണ് പ്രതിരോധതാരമായ ഹോർമിപാമിന്റെത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ പ്രധാനപ്പെട്ട താരമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഹോർമിപാമിന് ടീമിൽ അവസരങ്ങളുണ്ടാകാൻ സാധ്യതയില്ല. വിദേശസെന്റർ ബാക്കുകൾ കളിക്കുന്ന പ്രതിരോധനിര മിന്നുന്ന പ്രകടനം നടത്തുന്ന സാഹചര്യത്തിൽ മണിപ്പൂർ താരത്തിന് പരിമിതമായ സമയം മാത്രമേ ലഭിക്കുകയുള്ളൂ. അതാണ് താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം.

എന്നാൽ ഹോർമിപാമിനെ ബ്ലാസ്റ്റേഴ്‌സ് അത്രയെളുപ്പം വിട്ടു നൽകാൻ സാധ്യതയില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരിയിൽ താരത്തെ വിൽക്കണോ എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് തീരുമാനമൊന്നും എടുത്തിട്ടില്ല. അങ്ങിനെ ഒഴിവാക്കുകയാണെങ്കിൽ തന്നെ താരത്തിന് അവസരങ്ങൾ ലഭിക്കുന്ന തരത്തിൽ ഒരു ലോൺ ഡീലാണ് ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കാൻ സാധ്യത.

ഇനി ഹോർമിപാമിനെ വിൽക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കുന്നതെങ്കിൽ അതൊരു ചെറിയ തുകക്കായിരിക്കില്ല. ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരത്തിനു വളരാൻ അവസരമുണ്ട്. അതുകൊണ്ടു തന്നെ നല്ലൊരു തുക ട്രാൻസ്‌ഫർ ഫീസായി ലഭിച്ചാലേ ബ്ലാസ്റ്റേഴ്‌സ് മണിപ്പൂർ താരത്തെ വിട്ടു നൽകൂ. ആ തുക ഉപയോഗിച്ച് പുതിയ താരത്തെയും സ്വന്തമാക്കാൻ കഴിയും.

2021 മുതൽ ബ്ലാസ്റ്റേഴ്‌സ് താരമായ ഹോർമിപാം ഈ പ്രായത്തിൽ തന്നെ നാൽപ്പതിലധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. 2027 വരെ മണിപ്പൂർ താരത്തിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട് എന്നതിനാൽ തന്നെ മറ്റു ക്ലബുകൾ റാഞ്ചുമോയെന്ന പേടി ക്ലബിനില്ല. അതുകൊണ്ടു തന്നെ ആവശ്യക്കാർ വർധിക്കുന്ന സാഹചര്യത്തിൽ നല്ലൊരു തുക വാങ്ങാനുള്ള ലക്ഷ്യമാകും ടീമിനുള്ളത്.

Kerala Blasters Demand Huge Fee For Hormipam