ഒരു പരിശീലകനും ടീമിനും കിട്ടാവുന്ന ഏറ്റവും മികച്ച സമ്മാനം, മഞ്ഞപ്പടയെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ | Igor Stimac

എഎഫ്‌സി ഏഷ്യൻ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ വേണ്ടി ഖത്തറിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഞെട്ടിക്കുന്ന സ്വീകരണമാണ് അവിടെ ആരാധകർ നൽകിയത്. ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലെ ഹമദ് എയർപോർട്ടിൽ കാലു കുത്തിയപ്പോൾ തന്നെ ആരവങ്ങളുമായി ആരാധകർ ഉണ്ടായിരുന്നു. താരങ്ങൾ ഒരിക്കലും ഇത്രയും മികച്ചൊരു സ്വീകരണം പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്ന് വ്യക്തം.

ഏഷ്യൻ കപ്പിനെത്തിയ മറ്റൊരു ടീമിനും ഇത്രയും മികച്ചൊരു സ്വീകരണം ലഭിച്ചിട്ടുണ്ടാകില്ല. അതിൽ തന്നെ ശ്രദ്ധേയമായത് ടീമിലെ താരങ്ങൾ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംഘമായ മഞ്ഞപ്പട നൽകിയ വൈക്കിങ് ക്ലാപ്പ് ആയിരുന്നു. ആരാധകരുടെ ഈ സ്വീകരണത്തെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രശംസിക്കുകയും ചെയ്‌തു.

“ഒരു ഫുട്ബോൾ ടീമിനും അതിന്റെ പരിശീലകനും സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണത്. കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങൾ നടത്തിയ മികച്ച പ്രകടനത്തിനുള്ള സമ്മാനമാണ് ഈ ആരാധകർ നൽകിയത്. അവരെ അഭിനന്ദിക്കുന്നതിനൊപ്പം അവർ മത്സരങ്ങൾക്കുണ്ടാകുമെന്ന് കരുതുന്നു, അത് ഞങ്ങളെ സഹായിക്കും. അവരുടെ പിന്തുണയുണ്ടെങ്കിൽ ഞങ്ങൾക്ക് 120 ശതമാനം നൽകാൻ കഴിയും.” സ്റ്റിമാച്ച് പറഞ്ഞു.

സ്റ്റിമാച്ചിന്റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകസംഘമായ മഞ്ഞപ്പടയ്ക്ക് ലഭിച്ച അഭിനന്ദനം തന്നെയാണ്. ഖത്തറിലെ മലയാളികളെ സംഘടിപ്പിച്ച് ഖത്തർ മഞ്ഞപ്പട വിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് സ്വീകരണം നൽകിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരാണ് തങ്ങളെന്ന് ഇതിലൂടെ തെളിയിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകസംഘത്തിനു കഴിഞ്ഞിട്ടുണ്ട്.

ഇതാദ്യമായല്ല കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകസംഘം ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയ രീതിയിലുള്ള പിന്തുണ നൽകുന്നത്. കുവൈറ്റിൽ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നൽകിയ പിന്തുണയുടെ കരുത്തിൽ സ്വന്തം മൈതാനത്തെന്ന പോലെയാണ് ഇന്ത്യ കളിച്ചത്. ഏഷ്യൻ കപ്പിലും ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയ പിന്തുണ ലഭിക്കുമെന്നാണ് കരുതേണ്ടത്.

Igor Stimac Praise Manjappada For Reception In Qatar