അഭ്യൂഹങ്ങളിൽ രണ്ടു പേരുകൾ കൂടി, രണ്ടു താരങ്ങളും ആഴ്‌സണൽ അക്കാദമിയിൽ കളിച്ചവർ | Kerala Blasters

അഡ്രിയാൻ ലൂണയുടെ പകരക്കാരൻ ആരാകുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അഡ്രിയാൻ ലൂണക്ക് പകരക്കാരനെ എത്തിക്കുമെന്ന് ഉറപ്പാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് പകരക്കാരനെ കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌. അതിനാൽ ആരാധകർ വലിയ പ്രതീക്ഷയിലാണ്.

പകരക്കാരനെ കണ്ടെത്തിയെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അതാരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതിനിടയിൽ പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റിന്റെ റൂമർമിൽ പ്രകാരം രണ്ടു താരങ്ങൾ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ രണ്ടു താരങ്ങളും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിന്റെ അക്കാദമിയിൽ കളിച്ചവരാണെന്ന പ്രത്യേകതയുമുണ്ട്.

അഭ്യൂഹങ്ങളിലുള്ള ഒരു പേര് ബെൽജിയൻ ക്ലബായ കെഎഎസ് യൂപ്പന് വേണ്ടി കളിക്കുന്ന റീഗൻ ചാൾസ് കുക്കാണ്. ഗ്രനഡ ദേശീയ ടീമിലുള്ള ഇരുപത്തിയാറുകാരനായ താരം ആഴ്‌സണൽ യൂത്ത് അക്കാദമിയിൽ കളിച്ചിട്ടുണ്ട്. വിങ്ങറായും അറ്റാക്കിങ് മിഡ്‌ഫീൽഡറായും കളിക്കാൻ കഴിയുന്ന താരം ഈ സീസണിൽ അഞ്ചു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങി അഞ്ചു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്.

അഭ്യൂഹങ്ങളിലുള്ള മറ്റൊരു പേര് ഗ്രീക്ക് ക്ലബായ ഒഎഫ്ഐ ക്രേറ്റ എഫ്‌സിയുടെ താരമായ ജോൺ ടോറലാണ്. സ്പെയിനിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരൻ ബാഴ്‌സലോണ, ആഴ്‌സണൽ എന്നിവയുടെ യൂത്ത് ടീമുകളിൽ കളിച്ചിട്ടുണ്ട്. മധ്യനിരയിലെ എല്ലാ പൊസിഷനിലും കളിക്കാൻ കഴിയുന്ന താരം ഈ സീസണിൽ എട്ടു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങി മൂന്നു ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരങ്ങളെ സ്വന്തമാക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ തന്നെ നിരവധി കളിക്കാരെ കേരള ബ്ലാസ്റ്റേഴ്‌സ് ബന്ധപ്പെടുന്നുണ്ടാകും. അവരുമായി ചർച്ചകൾ നടത്തി വിജയം കണ്ടാൽ മാത്രമേ ട്രാൻസ്‌ഫർ നീക്കങ്ങൾ മുന്നോട്ടു പോകൂ. ട്രാൻസ്‌ഫർ ജാലകം ഇനിയും ബാക്കിയുണ്ടെന്നതിനാൽ കൂടുതൽ താരങ്ങളുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ വന്നേക്കാം.

Two More Players Linked With Kerala Blasters