ബാഴ്‌സലോണക്കും ആഴ്‌സണലിനും വേണ്ടി കളിച്ചിട്ടുള്ള താരം, വലിയൊരു സർപ്രൈസ് നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

അഡ്രിയാൻ ലൂണയുടെ പകരക്കാരനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല. നിരവധി താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ വിജയം കണ്ടിട്ടില്ല. നിലവിൽ പുറത്തു വരുന്ന പുതിയ പേര് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകുന്നതാണ്. ബാഴ്‌സലോണ, ആഴ്‌സണൽ അക്കാദമികൾക്ക് വേണ്ടി കളിച്ച താരവുമായി ബന്ധപ്പെടുത്തിയാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയെട്ടുകാരനായ സ്‌പാനിഷ്‌ താരം ജോൺ ടോറലിനെ സ്വന്തമാക്കാനുള്ള ചർച്ചകളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ലൂണയെപ്പോലെ അറ്റാക്കിങ് മിഡ്‌ഫീൽഡ് പ്രധാന പൊസിഷനായ താരം ലെഫ്റ്റ് മിഡ്‌ഫീൽഡ്, റൈറ്റ് മിഡ്‌ഫീൽഡ് എന്നീ പൊസിഷനിലും കളിക്കും. ബാഴ്‌സലോണ, ആഴ്‌സണൽ അക്കാദമിയിലും ഇംഗ്ലണ്ടിലെ പല ക്ലബുകളിലും കളിച്ചിട്ടുള്ള താരമാണ് ജോൺ ടോറൽ.

ഗ്രീക്ക് ക്ലബായ ഒഎഫ്ഐ ക്രേറ്റ് എഫ്‌സിക്ക് വേണ്ടിയാണു ജോൺ ടോറൽ കളിക്കുന്നത്. എന്നാൽ താരം ക്ലബുമായുള്ള കരാർ റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ആഴ്‌സണലുമായാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ നടത്തുന്നത്. ചർച്ചകൾ വളരെ അഡ്വാൻസ്‌ഡ് ആയ ഘട്ടത്തിൽ ആണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ബാഴ്‌സലോണ U19, ആഴ്‌സണൽ U18, U21, U23 എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള ജോൺ ടോറൽ ബർമിംഗ്ഹാം സിറ്റി, ഹൾ സിറ്റി, ബ്രെന്റ്ഫോഡ് എന്നീ ഇംഗ്ലീഷ് ക്ലബുകൾക്കും സ്‌പാനിഷ്‌ ക്ലബായ ഗ്രനാഡക്കും സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്‌സിനും വേണ്ടി കളിച്ചിട്ടുണ്ട്. അവസാനമായി ഫ്രീ ട്രാൻസ്‌ഫരിൽ ഗ്രീക്ക് ക്ളബിലെത്തിയ താരം ഈ സീസണിൽ മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ജോൺ ടോറലിനെ സ്വന്തമാക്കിയാൽ അത് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയാണ്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നത് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു പരിചയം ഇല്ലാത്ത ഒരു താരത്തിന് വേണ്ടിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങിനെ നോക്കുമ്പോൾ ഈ അഭ്യൂഹങ്ങളിൽ കഴമ്പുണ്ട്. ഇനി ട്രാൻസ്‌ഫർ നടക്കുമോയെന്നാണ് അറിയേണ്ടത്.

Kerala Blasters In Talks To Sign Jon Toral