വമ്പന്മാരുടെ നെഞ്ചു തകർത്ത ഗോളും ഡാൻസും ഞാൻ മറക്കില്ല, കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം പറയുന്നു | Kwame Peprah

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സംബന്ധിച്ചും ആരാധകരെ സംബന്ധിച്ചും വളരെ സന്തോഷം നിറഞ്ഞ നാളുകളാണിപ്പോൾ. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ പകുതിയായി ചെറിയൊരു ഇടവേളക്ക് പിരിഞ്ഞ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആണു ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ടീം മികച്ച പ്രകടനം നടത്തുന്നത് അതിലേറെ സന്തോഷം നൽകുന്നു.

കഴിഞ്ഞ ദിവസം 2023ൽ തങ്ങളുടെ ഏറ്റവും മികച്ച നിമിഷങ്ങൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകരും വെളിപ്പെടുത്തുകയുണ്ടായി. ഏതാനും പേർ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞെങ്കിലും ഭൂരിഭാഗം പേരും ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് മികച്ച നിമിഷമായി വെളിപ്പെടുത്തിയത്. അതിൽ ഘാന സ്‌ട്രൈക്കറായ പെപ്ര പറഞ്ഞ അഭിപ്രായം വളരെ രസകരമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്ത് മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളും അതിനു ശേഷമുള്ള ഡാൻസുമാണ് തനിക്ക് മറക്കാൻ കഴിയാത്ത അനുഭവമെന്നാണ് പെപ്ര പറഞ്ഞത്. ആ സമയത്ത് സ്റ്റേഡിയം നൽകിയത് അവിശ്വസനീയമായ ഒരു ആവേശമായിരുന്നുവെന്ന് താരം പറയുന്നു. ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ടീമിന്റെ രണ്ടാമത്തെ ഗോളാണ് പെപ്ര നേടിയത്.

പെപ്രയുടെ വാക്കുകൾ സത്യം തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കളിച്ചത്തിൽ ഏറ്റവും മികച്ച സ്റ്റേഡിയം ആമ്പിയൻസ് ആ മത്സരത്തിൽ ആയിരുന്നു. മുംബൈ സിറ്റിയോട് ചില കണക്കുകൾ തീർക്കാനുറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ തുടക്കം മുതൽ അവസാനം വരെ ടീമിനായി ആർത്തു വിളിച്ചു. മത്സരം കണ്ട ഒരാൾക്കും അത് മറക്കാൻ കഴിയില്ലെന്ന കാര്യത്തിൽ സംശയമില്ല.

പെപ്ര ടീമിനായി തകർത്തു കളിച്ച മത്സരമായിരുന്നു അത്. മത്സരത്തിൽ ദിമിത്രിയോസ് നേടിയ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ താരം മിന്നൽ ഗോളിലൂടെ ടീമിന്റെ വിജയം ഉറപ്പിക്കുകയും ചെയ്‌തു. ഈ സീസണിൽ ടീമിനായി രണ്ടു ഗോളും ഒരു അസിസ്റ്റും മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും പെപ്രയുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിൽ നിർണായകമാണ്.

Kwame Peprah Reveals His Best Moment Of 2023