ലയണൽ മെസിക്ക് ബാലൺ ഡി ഓർ ലഭിക്കാൻ പിഎസ്‌ജി സ്വാധീനം ചെലുത്തി, ഗുരുതരമായ ആരോപണം | Messi

ഏറ്റവുമധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ താരമാണ് ലയണൽ മെസി. അർജന്റീന താരം അതർഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും അതുപോലെ തന്നെ അതിൽ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അതിലെ പല പുരസ്‌കാരവും ലയണൽ മെസി അർഹിച്ചിരുന്നില്ലെന്നും, എന്നാൽ മാർക്കറ്റിങ്ങിന്റെ ഭാഗമായി നൽകിയതാണെന്നും പലരും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സമാനമായ ഒരു ആരോപണം ഇപ്പോഴും ഫുട്ബോൾ ലോകത്തു നിന്നും ഉയർന്നു വരുന്നുണ്ട്. 2021ൽ ലയണൽ മെസി തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ നേടിയതുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടാകുന്നത്. ആ പുരസ്‌കാരം ലയണൽ മെസി അർഹിച്ചിരുന്നില്ലെന്നും അന്ന് താരത്തിന്റെ ക്ലബായ പിഎസ്‌ജി സ്വാധീനം ചെലുത്തിയാണ് ബാലൺ ഡി ഓർ ലഭിച്ചതെന്നുമാണ് ആരോപണം.

ലയണൽ മെസി ബാഴ്‌സലോണ വിട്ടു പിഎസ്‌ജിയിൽ എത്തിയ വർഷമായിരുന്നു 2021. അതിനു മുൻപത്തെ സീസണിൽ ബാഴ്‌സലോണക്കൊപ്പം കോപ്പ ഡെൽ റേ മാത്രമാണ് താരം നേടിയിരുന്നത്. എന്നാൽ അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം മെസി സ്വന്തമാക്കിയിരുന്നു. ആ കിരീടനേട്ടത്തിന്റെ പിൻബലത്തിലാണ് മെസി ബാലൺ ഡി ഓറിൽ ഒന്നാം സ്ഥാനത്തെത്തിയത്.

എന്നാൽ മെസിക്ക് ബാലൺ ഡി ഓർ നേടിക്കൊടുക്കാൻ ആ സമയത്തെ ഫ്രാൻസ് ഫുട്ബോൾ ചീഫായ പാസ്‌കൽ ഫെറെയെ സ്വാധീനിക്കാൻ പിഎസ്‌ജി ശ്രമിച്ചുവെന്നും അതിനു വേണ്ടി അദ്ദേഹവുമായി ഇടപാടുകൾ നടത്തിയെന്നും ലെ മോണ്ടെ പറയുന്നു. തങ്ങളുടെ ക്ലബിലുള്ള താരത്തിന് ബാലൺ ഡി ഓർ നേടിയാൽ മാർക്കറ്റിങ്ങും ബിസിനസും വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് അവർ ലക്‌ഷ്യം വെച്ചത്.

2021 ബാലൺ ഡി ഓർ അർഹിച്ചിരുന്നത് ആ സമയത്ത് ബയേൺ മ്യൂണിക്കിൽ ഉണ്ടായിരുന്ന റോബർട്ട് ലെവൻഡോസ്‌കി ആയിരുന്നുവെന്ന് പലരും മുൻപേ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോവിഡ് കാരണം അതിനു മുൻപത്തെ ബാലൺ ഡി ഓർ ലെവൻഡോസ്‌കിക്ക് ലഭിക്കാതെ പോയിരുന്നു. എന്തായാലും ഇതിൽ അന്വേഷണം നടന്നു വരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

PSG Accused Of Influencing Messi Ballon Dor Win