ഇതുപോലൊരു അസിസ്റ്റ് സ്വപ്‌നങ്ങളിൽ മാത്രം, പിഎസ്‌ജിയുടെ ഒമ്പത് ഗോൾ വിജയത്തിൽ താരമായി അസെൻസിയോ | Asensio

കോപ്പ ഡി ഫ്രാൻസ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്‌ജി വമ്പൻ വിജയമാണ് നേടിയത്. എംബാപ്പെ ഹാട്രിക്ക് നേടിയ മത്സരത്തിൽ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് ദുർബലരായ യുഎസ് റെവൽ ടീമിനെ പിഎസ്‌ജി കീഴടക്കിയത്. മറ്റൊരു ഫ്രഞ്ച് താരമായ റാൻഡാൽ കൊളോ മുവാനി മത്സരത്തിൽ ഇരട്ടഗോളുകളും നേടി ടീമിന്റെ വിജയത്തിൽ പങ്കു വഹിച്ചു.

എംബാപ്പയുടെ ഹാട്രിക്ക് നേട്ടമുണ്ടായെങ്കിലും മത്സരത്തിന് ശേഷം എല്ലാവരും ചർച്ച ചെയ്യുന്നത് മുൻ റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോയെക്കുറിച്ചാണ്. മത്സരത്തിൽ ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത്‌ മികച്ച പ്രകടനമാണ് താരം നടത്തിയത്. അതിനൊപ്പം താരത്തിന്റെ ഒരു അസിസ്റ്റിന്റെ വീഡിയോ ട്രെൻഡിങ്ങായി മാറുന്നു.

മത്സരത്തിന്റെ നാല്പത്തിയഞ്ചാം മിനുട്ടിലാണ് അസെൻസിയോ ആരാധകരെ ആവേശം കൊള്ളിച്ചത്. പിഎസ്‌ജി പ്രതിരോധതാരം ചിപ്പ് ചെയ്‌ത്‌ ബോക്‌സിലേക്ക് നൽകിയ പന്ത് അസാധ്യമായ ഒരു ആംഗിളിൽ ഒരു ബാക്ക് ഹീൽ ഫ്ലിക്കിലൂടെ താരം എംബാപ്പെക്ക് നൽകുകയായിരുന്നു. എംബാപ്പെ കൃത്യതയുള്ള ഒരു ഹെഡറിലൂടെ അത് വലയിലേക്ക് എത്തിക്കുകയും ചെയ്‌തു. സിദാനെ ഓർമിപ്പിച്ച ഒരു അസിസ്റ്റായിരുന്നു അത്.

മത്സരത്തിൽ എംബാപ്പെ മൂന്നു ഗോളുകളും കൊളോ മുവാനി രണ്ടു ഗോളുകളും നേടിയപ്പോൾ ഒരു ഗോൾ അസെൻസിയോയുടെ വകയായിരുന്നു. അതിനു പുറമെ ഗോൻകാലോ റാമോസ്, ഷേർ എൻഡോർ എന്നിവരും ഗോൾ നേടിയപ്പോൾ മറ്റൊരെണ്ണം യുഎസ് റെവൽ താരത്തിന്റെ സെൽഫ് ഗോളായിരുന്നു. ഇതോടെ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് പിഎസ്‌ജി അനായാസം മുന്നേറി.

വളരെ ദുർബലരായ എതിരാളികൾ ആയിരുന്നു പിഎസ്‌ജിക്ക് ലഭിച്ചതെങ്കിലും ഈ വിജയം അവർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ലീഗിൽ ഒന്നാം സ്ഥാനത്താണെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും വളരെ ബുദ്ധിമുട്ടിയാണ് പിഎസ്‌ജി കടന്നുകൂടിയത്. സീസണിന്റെ രണ്ടാം പകുതിയിൽ ടീമിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കാൻ കഴിയും.

Marco Asensio Superb Assist To Mbappe