ആദ്യകിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്, ടീം ഇന്നു ഭുവനേശ്വറിലേക്ക് യാത്ര തിരിക്കും | Kerala Blasters

2014ൽ രൂപീകൃതമായി ഐഎസ്എൽ ആദ്യത്തെ സീസൺ മുതൽ കളിക്കുന്ന ടീമാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല. മൂന്നു തവണ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിച്ചെങ്കിലും മൂന്നു തവണയും ടീം തോൽവി വഴങ്ങി. ആരാധകരെ സംബന്ധിച്ച് ഏറ്റവും നിരാശ നൽകുന്ന കാര്യവും ബ്ലാസ്റ്റേഴ്‌സ് ഒരു കിരീടം പോലും നേടിയിട്ടില്ലെന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന കലിംഗ സൂപ്പർകപ്പ്. ഒഡിഷയിൽ വെച്ച് നടക്കുന്ന ടൂർണ്ണമെന്റിനായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് യാത്ര തിരിക്കാൻ ഒരുങ്ങുകയാണ്. കൊൽക്കത്തയിൽ താമസിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കലിംഗ സൂപ്പർ കപ്പിൽ പങ്കെടുക്കുക.

കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. ജംഷഡ്‌പൂർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്കൊപ്പം ഐ ലീഗ് ക്ലബായ ഷില്ലോങ് ലാജോങ്ങും ഗ്രൂപ്പിലുണ്ട്. കടുപ്പമേറിയ എതിരാളികൾ തന്നെയാണ് ഗ്രൂപ്പിലുള്ളത്. ആദ്യത്തെ മത്സരത്തിൽ ഐ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഷില്ലോങ് ലജോങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക.

നിലവിലെ ഫോമിൽ ആദ്യത്തെ കിരീടം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് സൂപ്പർ കപ്പിലൂടെ അവസരമുണ്ട്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ അഭാവത്തിൽ പുതിയൊരു വിജയഫോർമുല കണ്ടെത്തിയിട്ടുണ്ട്. അതെ ഫോം തുടരാൻ കഴിഞ്ഞാൽ ആദ്യത്തെ കിരീടവും ടീമിന് സ്വന്തമാക്കാൻ കഴിയും.

അതേസമയം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകുന്നത് ഇന്ത്യക്ക് വേണ്ടി കളിക്കാൻ പോയ മൂന്നു താരങ്ങൾ ടീമിനൊപ്പം ഇല്ലെന്നതാണ്. ഡിഫൻഡർ പ്രീതം കോട്ടാൽ, മുന്നേറ്റനിര താരങ്ങളായ രാഹുൽ കെപി, ഇഷാൻ പണ്ഡിറ്റ എന്നിവരാണ് ടീമിനൊപ്പമില്ലാത്ത. ഇവരെല്ലാം ടീമിന്റെ പ്രധാന താരങ്ങളാണെന്നതിനാൽ ആ അഭാവം പരിഹരിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.

Kerala Blasters Squad To Travel Today For Kalinga Super Cup