ബെൻസിമയെ സ്വന്തമാക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചുവരാം, നിർദ്ദേശവുമായി മുൻതാരം | Benzema

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കൊണ്ട് മികച്ച പ്രകടനം നടത്തി, ഒരുപാട് വർഷങ്ങൾക്ക് ശേഷം അവർക്കൊരു കിരീടം സ്വന്തമാക്കി നൽകിയ പരിശീലകനാണ് എറിക് ടെൻ ഹാഗ്. എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ പദ്ധതികൾ വിജയിച്ചിട്ടില്ല. പുതിയ താരങ്ങൾ നിരവധി എത്തിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനും അവർക്ക് തിരിച്ചുവരവ് നടത്താനും കരിം ബെൻസിമയെ സ്വന്തമാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ക്ലബിന്റെ മുൻ താരമായ ലൂയിസ് സാഹ. റയൽ മാഡ്രിഡ് വിട്ടു സൗദി അറേബ്യയിലേക്ക് ചേക്കേറിയ താരത്തിന്റെ കഴിവും ടീമിനെ നയിക്കാനുള്ള മികവും മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹായിക്കുമെന്നാണ് സാഹ പറയുന്നത്.

“ബെൻസിമ മാഞ്ചസ്റ്റർ യുണൈറ്റഡ് ആക്രമണനിരയെ മാറ്റിയെടുക്കും, ഇപ്പോൾ അതാണവർക്ക് വേണ്ടത്. താരം ഗോളുകൾ നേടുമെന്നുറപ്പാണ്, അതിനു പുറമെ മികച്ച ടീം പ്ലേയും ഉറപ്പു നൽകുന്നുണ്ട്. ഇപ്പോൾ അതൊരു സ്വപ്‌നം മാത്രമാണെങ്കിലും കരിം ബെൻസിമ വളരെ പ്രൊഫെഷനലായ താരമാണെന്നത് ടീമിന് ചെയ്യും.” ലൂയിസ് സാഹ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.

എന്നാൽ സാഹയുടെ ആഗ്രഹം ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കാനാണ് സാധ്യത. സൗദി അറേബ്യയിൽ താരം തൃപ്‌തനല്ലെങ്കിലും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അവിടം വിടില്ലെന്നുറപ്പാണ്. അതിനു പുറമെ എറിക് ടെൻ ഹാഗ് താരത്തെ സ്വന്തമാക്കാൻ യാതൊരു സാധ്യതയുമില്ല. മുപ്പത്തിയാറു വയസ് കഴിഞ്ഞ താരത്തെ എത്തിക്കുന്നതിൽ ആരാധകർക്കും താൽപര്യമുണ്ടാകില്ല.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിൽക്കുന്നത്. ഇരുപത് മത്സരങ്ങൾ കളിച്ച അവർ അതിൽ ഒമ്പതെണ്ണത്തിലും തോൽവി വഴങ്ങിയാണ് ഇത്രയും മോശം അവസ്ഥയിലേക്ക് വീഴാൻ കാരണമായത്. ചാമ്പ്യൻസ് ലീഗിലും അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോവുകയാണ് ചെയ്‌തത്‌. അതിനാൽ എറിക് ടെൻ ഹാഗിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യതയുണ്ട്.

Saha Urged Man Utd To Sign Karim Benzema