മെസി ഒഴിച്ചിട്ട സിംഹാസനത്തിലേക്ക് മെസിന്യോയെത്തുന്നു, ബ്രസീലിയൻ താരം ബാഴ്‌സലോണയിലേക്ക് | Messinho

ഐതിഹാസികമായ ഒരുപാട് നേട്ടങ്ങളിലൂടെ ബാഴ്‌സലോണയുടെ ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തുന്ന താരമാണ് ലയണൽ മെസി. ക്ലബിന് എല്ലാം നൽകിയ താരത്തിന് ബാഴ്‌സലോണ വിടേണ്ടി വന്നത് തീർത്തും അപ്രതീക്ഷിതമായ രീതിയിലായിരുന്നു. രണ്ടു വർഷങ്ങൾക്ക് ശേഷം തിരിച്ചുവരാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും അതിനു ബാഴ്‌സലോണയുടെ സാമ്പത്തികസ്ഥിതി അനുവദിച്ചതുമില്ല.

ബാഴ്‌സലോണയിൽ ലയണൽ മെസിയുടെ കാലം കഴിഞ്ഞതിനാൽ തന്നെ താരത്തിന് പകരക്കാരനായി ആരെത്തുമെന്ന ചോദ്യം ഒരുപാട് നാളായി ഉയരുന്നുണ്ട്. അർജന്റീന താരമായ എച്ചെവരിയുടെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇപ്പോൾ അതിനു പകരം ഒരു ബ്രസീലിയൻ പ്രതിഭയെ സ്വന്തമാക്കാനുള്ള പദ്ധതിയിലാണ് ബാഴ്‌സലോണ.

റിപ്പോർട്ടുകൾ പ്രകാരം മെസിന്യോയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വില്യം എസ്റ്റേവായോയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ഒരുങ്ങുകയാണ്. പതിനാറു വയസ് മാത്രം പ്രായമുള്ള താരം നിലവിൽ ബ്രസീലിയൻ ക്ലബായ പാൽമിറാസിന് വേണ്ടിയാണ് കളിക്കുന്നത്. കേളീശൈലി കൊണ്ട് ലയണൽ മെസിയോട് വളരെയധികം സാമ്യമുള്ള താരം ബാഴ്‌സയിലേക്ക് ചേക്കേറാൻ സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ.

ബ്രസീലിൽ നിന്നുള്ള ഭാവി വാഗ്‌ദാനമായി കണക്കാക്കപ്പെടുന്ന മെസിന്യോയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ, ചെൽസി എന്നിവരാണ് താരത്തിനായി ശ്രമം നടത്തിയത്. എന്നാൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് തനിക്ക് താൽപര്യമെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

താരത്തിന്റെ താൽപര്യത്തിനൊപ്പം നിൽക്കുകയാണ് ബ്രസീലിയൻ ക്ലബ് ചെയ്‌തിരിക്കുന്നത്‌. ബാഴ്‌സലോണ മെസിന്യോയെ സ്വന്തമാക്കിയാലും ഉടനെ തന്നെ ടീമിനൊപ്പം ചേരാൻ കഴിയില്ല. പതിനെട്ടു വയസ് തികഞ്ഞാലേ താരത്തെ ബാഴ്‌സലോണയ്ക്ക് സ്വന്തമാക്കാൻ കഴിയൂ. എന്നാൽ ക്ലബിന്റെ ഭാവിയെത്തന്നെ നിർണയിക്കാൻ പോന്ന ഒരു സൈനിങ്‌ ആയിരിക്കുമിതെന്ന കാര്യത്തിൽ സംശയമില്ല.

Barcelona Decided To Sign Messinho