മെസിയുടെ ജന്മദേശത്തു നിന്നുള്ള താരവും അഭ്യൂഹങ്ങളിൽ, ലൂണയുടെ പകരക്കാരനെ സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് | Kerala Blasters

അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കണ്ടെത്താനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച താരങ്ങളെ കണ്ടെത്തുക ബുദ്ധിമുട്ടായതിനാൽ തന്നെ നിരവധി കളിക്കാരെ ബ്ലാസ്റ്റേഴ്‌സ് ബന്ധപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല. ഓരോ ദിവസവും പുതിയ കളിക്കാർ അഭ്യൂഹങ്ങളിൽ നിറയുന്നുണ്ട്.

ഇന്നു പുറത്തു വരുന്ന അഭ്യൂഹങ്ങളിൽ പ്രധാനി സാക്ഷാൽ ലയണൽ മെസിയുടെ നാടായ റൊസാരിയോയിൽ ജനിച്ച താരമായ മാറ്റിയാസ് നാഹ്വലാണ്. റൊസാരിയോയിലാണ് ജനിച്ചതെങ്കിലും സ്‌പാനിഷ്‌ പൗരത്വം സ്വീകരിച്ച താരം സ്പെയിനിലെ നിരവധി ക്ലബുകളിൽ കളിച്ചിട്ടുണ്ട്. അതിൽ ബാഴ്‌സലോണയുടെ ബി ടീമും ഉൾപ്പെടുന്നു. വിയ്യാറയൽ അക്കാദമിയിലൂടെയാണ് താരം ഉയർന്നു വരുന്നത്.

നിലവിൽ പോളണ്ടിലെ ഒന്നാം ഡിവിഷൻ ക്ലബായ സ്ളാസ്‌ക് വ്റോക്ളോയിലാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിൽ പതിനാലു മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയ മാറ്റിയാസ് നാല് ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. പോളിഷ് ലീഗിൽ താരം കളിക്കുന്ന ക്ലബ് ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

പൊസിഷൻ നോക്കുമ്പോൾ അഡ്രിയാൻ ലൂണയെപ്പോലെ അറ്റാക്കിങ് മിഡ്‌ഫീൽഡ് ലെഫ്റ്റ് വിങ് എന്നീ ഏരിയകളിൽ താരത്തിന് കളിക്കാൻ കഴിയും. അതിനു പുറമെ ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിലും താരം ഇറങ്ങാറുണ്ടെന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. എന്നാൽ തന്റെ ടീം ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സുമായി ചേർത്ത് നിരവധി അഭ്യൂഹങ്ങൾ ഈ ദിവസങ്ങളിൽ വരുന്നുണ്ട്. അതെല്ലാം മികച്ച താരങ്ങളാണ്. അതുകൊണ്ടു തന്നെ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി അതിനൊത്ത ഒരു താരത്തെയാണ് ടീം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. എന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകം ആയതിനാൽ തന്നെ ഇക്കാര്യത്തിൽ ഒരുപാട് പ്രതിബന്ധങ്ങളെ ബ്ലാസ്റ്റേഴ്‌സ് മറികടക്കാനുണ്ട്.

Kerala Blasters Linked With Matias Nahuel