എവിടെപ്പോയാലും പന്ത് അവിടേക്കെത്തിക്കാൻ കഴിയും, മെസിക്കൊപ്പം കളിക്കുന്നത് മിസ് ചെയ്യുന്നുവെന്ന് എംബാപ്പെ | Mbappe

ലയണൽ മെസിയും കിലിയൻ എംബാപ്പയും കഴിഞ്ഞ വർഷം ഈ സമയത്തൊക്കെ ലോകഫുട്ബോളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളായിരുന്നു. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഇരുവരും നേർക്കുനേർ വരികയും എംബാപ്പയുടെ തകർപ്പൻ ഹാട്രിക്ക് നേട്ടത്തെ ഒന്നുമല്ലാതാക്കി മെസിയുടെ നേതൃത്വത്തിൽ ഇറങ്ങിയ അർജന്റീന ഫ്രാൻസിനെ കീഴടക്കി ലോകകപ്പ് സ്വന്തമാക്കുകയും ചെയ്‌തു.

ആ സമയത്ത് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിക്ക് വേണ്ടി ഒരുമിച്ച് കളിച്ചിരുന്ന ഇരുവരും അതിനു ശേഷം കൂടുതൽ അകന്നുവെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ലയണൽ മെസി പിഎസ്‌ജി വിട്ട് ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ അതുമൊരു കാരണമായെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ മെസിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നാണ് എംബാപ്പെ കഴിഞ്ഞ ദിവസം പറഞ്ഞതിൽ നിന്നും വ്യക്തമാകുന്നത്.

“ലയണൽ മെസിക്കൊപ്പം ഇനി കളിക്കാൻ കഴിയില്ലെന്ന് അറിയുമ്പോൾ നമുക്കത് എല്ലായിപ്പോഴും മിസ് ചെയ്യുന്ന കാര്യമാണ്. എന്നെപ്പോലൊരു സ്‌ട്രൈക്കർ, സ്‌പേസുകളെ കൃത്യമായി ഉപയോഗിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരാൾക്ക് താരത്തിനൊപ്പം കളിക്കുകയെന്നത് ഒരു ലക്ഷ്വറി അനുഭവമാണ്. നമ്മൾ ഏതു സ്‌പേസിലേക്ക് പോയാലും അവിടേക്ക് പന്തെത്തിക്കാൻ ലയണൽ മെസിക്ക് മാത്രമാണ് കഴിയുക.” എംബാപ്പെ പറഞ്ഞു.

ലയണൽ മെസിക്കൊപ്പം കളിച്ച അനുഭവം തനിക്ക് വളരെ സ്‌പെഷ്യൽ ആയിരുന്നുവെന്നും എംബാപ്പെ പറഞ്ഞു. പിഎസ്‌ജിയിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ എംബാപ്പെക്ക് നിരവധി മികച്ച അസിസ്റ്റുകൾ ലയണൽ മെസി നൽകിയിരുന്നു. അർജന്റീന താരവുമായി കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമിച്ചിരുന്നെങ്കിലും ലോകകപ്പിന് ശേഷം ഫ്രഞ്ച് ആരാധകർ എതിരായത് ലയണൽ മെസി ക്ലബ് വിടാൻ കാരണമായി.

ലയണൽ മെസിയടക്കം നിരവധി താരങ്ങൾ പുറത്തു പോയതിനു ശേഷം അഴിച്ചു പണിഞ്ഞ പിഎസ്‌ജി ടീമിൽ എംബാപ്പെ പ്രധാന താരമാണ്. ഈ സീസണിൽ പതിനാറ് മത്സരങ്ങൾ കളിച്ചപ്പോൾ തന്നെ പതിനെട്ടു ഗോളുകളും രണ്ടു അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ യുവേഫ ചാമ്പ്യൻസ് ലീഗിൽ മൂന്നു ഗോളുകൾ നേടിയ താരം തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.

Mbappe Says He Miss Playing With Messi