ഗോളി പോലുമില്ലാത്ത പോസ്റ്റിൽ ഗോളടിക്കാനാകാതെ എംബാപ്പെ, 2018 ശേഷമുള്ള ഏറ്റവും വലിയ ഗോൾവരൾച്ചയിൽ ഫ്രഞ്ച് താരം | Mbappe

പുതിയ സീസണിന് മുന്നോടിയായി നിരവധി അഴിച്ചുപണികൾക്ക് വിധേയമായ ടീമാണ് പിഎസ്‌ജി. ലയണൽ മെസി, നെയ്‌മർ, റാമോസ്, വെറാറ്റി തുടങ്ങി നിരവധി താരങ്ങൾ ക്ലബിൽ നിന്നും പുറത്തു പോയപ്പോൾ നിരവധി ഫ്രഞ്ച് താരങ്ങൾ അടക്കമുള്ള യുവതാരങ്ങൾ ടീമിലേക്ക് വന്നു. ഇപ്പോൾ എംബാപ്പയെ കേന്ദ്രീകരിച്ചു കളിക്കുന്ന ഒരു ടീമായി പിഎസ്‌ജി മാറിയിട്ടുണ്ട്. അതിലൂടെ താരത്തിന് പൂർണമായ സ്വാതന്ത്ര്യം ലഭിക്കാനും മികച്ച പ്രകടനം നടത്താനും കഴിയുമെന്ന് ക്ലബ് നേതൃത്വം കരുതി.

എന്നാൽ ഇതുവരെയുള്ള പിഎസ്‌ജിയുടെ പ്രകടനം പരിശോധിക്കുമ്പോൾ ഈ നീക്കങ്ങൾ പൂർണമായും വിജയം കണ്ടുവെന്ന് പറയാൻ കഴിയില്ല. ഫ്രഞ്ച് ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് പിഎസ്‌ജി നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ വിജയം നേടിയെങ്കിലും രണ്ടാമത്തെ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് വമ്പൻ തോൽവി ഏറ്റു വാങ്ങി. ലൂയിസ് എൻറികിന്റെ കീഴിൽ ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അതിനിടയിൽ എംബാപ്പെ ഗോളടിക്കാൻ പരാജയപ്പെടുന്നത് പിഎസ്‌ജിക്ക് ചെറിയൊരു ആശങ്ക നൽകുന്നുണ്ട്. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഫ്രഞ്ച് താരം പിഎസ്‌ജിക്ക് വേണ്ടി ഗോൾ നേടിയിട്ടില്ല. 2018നു ശേഷം ആദ്യമായാണ് താരം നാല് മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടാൻ പരാജയപ്പെടുന്നത്. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി മാറിയിട്ടും എംബാപ്പെക്ക് ഗോൾവരൾച്ച വരുന്നത് ഫ്രഞ്ച് ക്ലബിന്റെ ആരാധകർക്ക് ചെറിയൊരു ടെൻഷൻ സമ്മാനിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം റെന്നസിനെതിരെ നടന്ന മത്സരത്തിൽ താരം തുലച്ചു കളഞ്ഞത് അവിശ്വസനീയമായ അവസരമായിരുന്നു. മത്സരത്തിന്റെ എൺപത്തിയാറാം മിനുട്ടിൽ ഒരു പ്രത്യാക്രമണത്തിലാണ് പിഎസ്‌ജിക്ക് നല്ലൊരു അവസരം ലഭിച്ചത്. തന്നെ തടുക്കാൻ വന്ന രണ്ടു പ്രതിരോധതാരങ്ങളെയും മറികടന്ന എംബാപ്പെ ഗോൾകീപ്പറെയും മറികടക്കുന്നുണ്ട്. എന്നാൽ തന്റെ മുന്നിലുള്ള ഓപ്പൺ പോസ്റ്റിലേക്ക് പന്തടിക്കാൻ താരത്തിന് കഴിഞ്ഞില്ല. താരത്തിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്കാണ് പോയത്.

എംബാപ്പെ ഗോൾ നേടിയില്ലെങ്കിലും മത്സരത്തിൽ പിഎസ്‌ജി വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ എതിരാളിയുടെ മൈതാനത്ത് വിജയം നേടിയത്. പോർച്ചുഗൽ താരം വിറ്റിന്യ, മൊറോക്കൻ താരം അഷ്‌റഫ് ഹക്കിമി, ഫ്രഞ്ച് താരം റാൻഡാൽ കൊളോ മുവാനി എന്നിവർ പിഎസ്‌ജിക്കായി ഗോൾ നേടി. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള മൊണോക്കോയെക്കാൾ രണ്ടു പോയിന്റ് പിന്നിൽ മൂന്നാം സ്ഥാനത്താണ് പിഎസ്‌ജി നിൽക്കുന്നത്.

Mbappe Unreal Miss Against Rennes