പകരം വീട്ടാൻ ബ്രസീൽ കാത്തിരിക്കുന്ന മത്സരത്തിനു തീയതി കുറിച്ചു, അർജന്റീനയെ ആഗ്രഹിച്ച സ്റ്റേഡിയത്തിൽ തന്നെ ബ്രസീലിനു കിട്ടി | Argentina

ബ്രസീൽ ടീമിന്റെയും ആരാധകരുടെയും മനസ്സിൽ മറക്കാൻ കഴിയാത്തൊരു മുറിവ് സമ്മാനിച്ചാണ് 2021 ജൂലൈ പതിനൊന്നിന് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന വിജയം നേടിയത്. സൗത്ത് അമേരിക്കയിലെ തങ്ങളുടെ പ്രധാന എതിരാളികളായ അർജന്റീനയുടെ വിജയം എന്നതിലുപരിയായി അവർ കിരീടം നേടിയത് സ്വന്തം മൈതാനത്ത് വെച്ചായിരുന്നു എന്നത് ബ്രസീലിനു കൂടുതൽ വേദനയായിരുന്നു. അതിനു പകരം വീട്ടാൻ അവർ കാത്തിരിക്കുന്നുമുണ്ട്.

2021ൽ നടന്ന ആ മത്സരത്തിന് ശേഷം പിന്നീട് അർജന്റീനയും ബ്രസീലും നേർക്കുനേർ വന്നിട്ടില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇതിനിടയിൽ രണ്ടു ടീമുകൾക്കും നേർക്കുനേർ വരാനുണ്ടായ അവസരം അതിനടുത്ത വർഷം നടന്ന ലോകകപ്പ് യോഗ്യത മത്സരമായിരുന്നു. ബ്രസീലിൽ വെച്ച് മത്സരം നടന്നെങ്കിലും മിനിറ്റുകൾക്കുള്ളിൽ അത് നിർത്തിവെച്ചു. അർജന്റീനയുടെ ചില താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ മറികടന്നു എന്നതിനെ തുടർന്നാണ് മത്സരം നിർത്തി വെച്ചത്.

രണ്ടു വർഷങ്ങൾക്ക് ശേഷം അർജന്റീനയും ബ്രസീലും തമ്മിലുള്ള മറ്റൊരു പോരാട്ടത്തിന് തീയതി കുറിച്ചിട്ടുണ്ട്. സൗത്ത് അമേരിക്കൻ മേഖലയിൽ നിന്നുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലാണ് രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. നവംബർ ഇരുപത്തിയൊന്നിനാണ് മത്സരം നടക്കുകയെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ചരിത്രമുറങ്ങുന്ന മറക്കാന സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

മറക്കാനയിൽ വെച്ച് മത്സരം നടക്കുന്നത് ബ്രസീലിന്റെ ഉള്ളിലെ വീര്യത്തെ ഒന്നുകൂടി ആളിക്കത്തിക്കും. രണ്ടു വർഷങ്ങൾക്ക് മുൻപ് അതെ മൈതാനത്തു വെച്ചാണ് ബ്രസീലിനെ അർജന്റീന കീഴടക്കിയത്. ബ്രസീൽ മുന്നേറ്റങ്ങളെ അർജന്റീനയുടെ പ്രതിരോധം അരിഞ്ഞു വീഴ്ത്തിയ മത്സരത്തിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അവർ വിജയവും കിരീടവും നേടിയത്. അർജന്റീനയെ സംബന്ധിച്ച് ഇരുപത്തിയെട്ടു വർഷത്തിന് ശേഷം അവർ ഉയർത്തുന്ന ആദ്യത്തെ കിരീടം കൂടിയായിരുന്നു അത്.

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ലോകചാമ്പ്യന്മാർ എന്ന നിലയിൽ ബ്രസീലിന്റെ മൈതാനത്ത് ഇറങ്ങുന്ന മത്സരം കൂടിയാണ് നടക്കാൻ പോകുന്നത്. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്തായ ബ്രസീലിനു സൗത്ത് അമേരിക്കയിലെ രാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് തെളിയിക്കാനിതു സുവർണാവസരമാണ്. അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാനിരിക്കെ ആത്മവിശ്വാസം വർധിപ്പിക്കാനും അവർക്ക് കഴിയും.

Argentina To Play Brazil At Maracana In November