ഒരു സീസണിൽ പതിനൊന്ന് ഗോളുകൾ നേടിയ മധ്യനിരതാരം വീണ്ടും ഐഎസ്എല്ലിലേക്ക്, കേരള ബ്ലാസ്റ്റേഴ്‌സിലേക്കാണെങ്കിൽ തകർപ്പൻ നീക്കം | Iker Guarrotxena

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചതു മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളുമായി ബന്ധപ്പെട്ട് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല. വമ്പൻ ക്ലബുകളിൽ പലരും തിരിച്ചടി നേരിട്ടതിനാൽ അവർക്ക് കിരീടപ്രതീക്ഷ നിലനിർത്താൻ പുതിയ താരങ്ങളെ എത്തിച്ചേ മതിയാകൂ. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ചില ക്ലബുകൾ പരിക്കിന്റെ പിടിയിലുള്ള ചില താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്.

അതിനിടയിൽ കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവക്ക് വേണ്ടി കളിച്ച് തകർപ്പൻ പ്രകടനം നടത്തിയ സ്‌പാനിഷ്‌ താരമായ ഇകർ ഗുവറൊസന ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ശക്തമാകുന്നുണ്ട്. മുപ്പത്തിയൊന്നുകാരനായ താരം അഡ്രിയാൻ ലൂണക്ക് പകരക്കാരാനെന്ന നിലയിൽ അനുയോജ്യനായ താരമാണെന്നത് ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.

കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവക്കായി ഇരുപത് മത്സരങ്ങൾ മത്സരങ്ങൾ കളിച്ച സ്‌പാനിഷ്‌ താരം ഈസ്റ്റ് ബംഗാളിനെതിരായ ഹാട്രിക്ക് ഉൾപ്പെടെ പതിനൊന്നു ഗോളുകൾ നേടിയിരുന്നു. അതിനു പുറമെ സൂപ്പർ കപ്പിലും രണ്ടു ഗോളുകൾ നേടിയ താരം ഐഎസ്എൽ ടോപ് സ്കോറർമാരിൽ നാലാം സ്ഥാനത്തായിരുന്നു. മധ്യനിരയിൽ കളിച്ചാണ് ഇകർ ഇത്രയും മികച്ച പ്രകടനം നടത്തിയതെന്നാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ഗോവയുമായി കരാർ പുതുക്കാതെ സ്പൈനിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു ഇകർ. സ്പെയിനിൽ റയൽ മുർസിയക്കു വേണ്ടിയാണ് താരം കളിച്ചിരുന്നതെങ്കിലും അവർ താരത്തിന്റെ കരാർ റദ്ദാക്കാനുള്ള പദ്ധതിയിലാണുള്ളത്. ഈ സീസണിൽ ക്ലബ്ബിന്റെയും താരത്തിന്റെയും മോശം ഫോം കാരണമാണ് അവർ കരാർ റദ്ദാക്കുന്നത്.

അതേസമയം ഇകറിനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെങ്കിൽ താരത്തെ നോട്ടമിട്ടിരിക്കുന്ന ഐഎസ്എൽ ക്ലബ് എഫ്‌സി ഗോവക്ക് നഷ്‌ടപരിഹാരം നൽകേണ്ടി വരുമോയെന്നറിയില്ല. ഗോവ വിട്ട അൽവാരോ വാസ്‌ക്വസിന്റെ കരാറിൽ അത്തരമൊരു ഉടമ്പടി ഉണ്ടായിരുന്നു. ഇകറിന്റെ ടെർമിനേഷൻ കോൺട്രാക്റ്റിലും ആ ഉടമ്പടി ഉണ്ടെങ്കിൽ താരത്തിന്റെ തിരിച്ചുവരവ് ദുഷ്‌കരമായി മാറിയേക്കും.

Iker Guarrotxena Reportedly Got Offers From ISL