സഹലിന്റെ പാത പിന്തുടരാനില്ല, ബ്ലാസ്റ്റേഴ്‌സ് വിടേണ്ടി വന്നാലും മോഹൻ ബഗാനിലേക്ക് ചേക്കേറാനില്ലെന്ന് തീരുമാനിച്ച് സൂപ്പർതാരം | Hormipam

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വളരെയധികം ശക്തമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. നിരവധി ക്ലബുകൾക്ക് പുതിയ താരങ്ങളെ എത്തിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. പരിക്കേറ്റ താരങ്ങൾക്കും മോശം ഫോമിലുള്ളവർക്കും പകരക്കാരെ എത്തിച്ചാൽ മാത്രമേ കിരീടപ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ ടീമുകൾക്ക് കഴിയൂ.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളിൽ ഒരാളായ റുവൈഹ് ഹോർമിപാമിനായി നിരവധി ക്ലബുകൾ ശ്രമം തുടങ്ങിയെന്ന വാർത്തകൾ ശക്തമായി ഉയർന്നിരുന്നു. ലൂണ പരിക്കേറ്റു പുറത്തു പോയതോടെ വിദേശ സെന്റർ ബാക്കുകളെ വെച്ച് കളിക്കാൻ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിൽ മണിപ്പൂരി താരത്തിന് അവസരങ്ങൾ കുറഞ്ഞതാണ് ഹോർമിപാം ക്ലബ് വിടാനുള്ള സാധ്യത വർധിപ്പിക്കുന്നത്.

അതിനിടയിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായ മോഹൻ ബഗാനിലേക്ക് ചേക്കേറാൻ താനില്ലെന്ന തീരുമാനം ഹോർമിപാം എടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായ അൻവർ അലിയുടെ സാന്നിധ്യമുള്ളതിനാൽ തന്റെ അവസരങ്ങൾ കുറയുമെന്ന് അറിയാവുന്നതു കൊണ്ടാണ് ഹോർമിപാം മോഹൻ ബഗാനിലേക്കുള്ള ട്രാൻസ്‌ഫർ വേണ്ടെന്നു വെച്ചത്.

അതേസമയം താരത്തിനായി നിരവധി ഓഫറുകൾ വരുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു വമ്പൻ ടീമായ മുംബൈ സിറ്റി ഹോർമിപാമിന് വേണ്ടി രംഗത്തുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തെ ജനുവരിയിൽ വിൽക്കണോ, അതോ ഈ സീസൺ കഴിഞ്ഞതിനു ശേഷം വിൽക്കണോ എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ആരാധകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത് ഈ സീസണിന് ശേഷം ഹോർമിപാമിനെ വിൽക്കാനാണ്. പന്ത് കൈവശം വെച്ച് കളിക്കാൻ കഴിയുന്ന സെന്റർ ബാക്കായ താരത്തിനു കേരള ബ്ലാസ്റ്റേഴ്‌സിൽ പരിചയസമ്പത്തുണ്ട്. അതുകൊണ്ടു തന്നെ ഈ സീസണിൽ ആർക്കെങ്കിലും പരിക്ക് പറ്റിയാൽ അതിനു പകരം ഉപയോഗിക്കാൻ കഴിയുന്ന താരമാണ് ഹോർമിപാമെന്ന് ഏവരും അഭിപ്രായപ്പെടുന്നു.

Hormipam Chose Not to Move To Mohun Bagan