ഡിബാലയെ തുച്‌ഛമായ തുക നൽകി സ്വന്തമാക്കാൻ അവസരം, മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം രണ്ടു ക്ലബുകൾ രംഗത്ത് | Dybala

അർജന്റീന മുന്നേറ്റനിര താരമായ പൗലോ ഡിബാല ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു വലിയ ചർച്ചാവിഷയമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കുന്ന താരത്തിന്റെ റിലീസിംഗ് ക്ലോസ് കുത്തനെ കുറഞ്ഞതോടെ താരത്തെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ ലക്ഷ്യമിട്ടു തുടങ്ങിയിട്ടുണ്ട്.

റോമയുമായുള്ള അർജന്റീന താരത്തിന്റെ കരാർ 2025 വരെയുണ്ടെങ്കിലും അതിലെ റിലീസിംഗ് ക്ലോസ് പതിമൂന്നു മില്യൺ യൂറോ മാത്രമാണ്. കരാറിലെ ഉടമ്പടി പ്രകാരം ഈ മാസം മുതലാണ് ഡിബാലയുടെ റിലീസിംഗ് ക്ലോസ് ആക്റ്റിവേറ്റ് ആയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇറ്റലിക്ക് പുറത്തുള്ള ഏതു ടീമുകൾക്കും താരത്തെ ഈ തുക നൽകി സ്വന്തമാക്കാൻ കഴിയും.

ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിലെ രണ്ടു വമ്പൻ ക്ലബുകൾ ഡിബാലയുടെ നിലവിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. പ്രീമിയർ ലീഗിൽ മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്താണെങ്കിലും ചാമ്പ്യൻസ് ലീഗിൽ പതറിയ പിഎസ്‌ജി എന്നീ ക്ലബുകളാണ് അർജന്റീന താരത്തിനു വേണ്ടി നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ തന്നെ ഡിബാലക്ക് വേണ്ടി രംഗത്തു വന്നിട്ടുണ്ട്. എന്നാൽ താരം ഇറ്റലിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ സാഹചര്യം മുതലെടുത്ത് സ്വന്തമാക്കാൻ സൗദി ക്ലബുകളും ശ്രമം നടത്തുന്നുണ്ട്. എന്നാൽ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറാൻ ഡിബാല നിലവിൽ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അർജന്റീനയുടെ കഴിഞ്ഞ മൂന്നു കിരീടനേട്ടങ്ങളിലും പ്രധാന പങ്കു വഹിച്ച ഡിബാല വളരെയധികം ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഈ സീസണിൽ പന്ത്രണ്ടു മത്സരങ്ങളിൽ പത്ത് ഗോളുകളിൽ പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ജനുവരിയിൽ താരത്തിനായി ചിലപ്പോൾ കൂടുതൽ ക്ലബുകൾ രംഗത്തു വരാനുള്ള സാധ്യതയുണ്ട്.

Man Utd PSG Alerted Over Dybala Release Clause