ആദ്യം നിരസിച്ചെങ്കിലും പിന്നീട് സമ്മതം മൂളി, എംബാപ്പെ റയൽ മാഡ്രിഡിലേക്കു തന്നെ | Mbappe

ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ അടുത്ത സീസണിൽ റയൽ മാഡ്രിഡിന് വേണ്ടിത്തന്നെ കളിക്കുമെന്ന് റിപ്പോർട്ടുകൾ ശക്തമാകുന്നു. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ പ്രീ കോണ്ട്രാക്റ്റ് ഓഫർ എംബാപ്പെ തള്ളിക്കളഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് അൽപ്പസമയം കഴിഞ്ഞപ്പോൾ തന്നെ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ സമ്മതം മൂളിയെന്നാണ് ഫ്രഞ്ച് ജേർണലിസ്റ്റ് വെളിപ്പെടുത്തുന്നത്.

എംബാപ്പയുടെ പിഎസ്‌ജി കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുകയാണ്. താരവുമായി കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമം നടത്തുന്നുണ്ടെങ്കിലും അതിനിടയിലാണ് റയൽ മാഡ്രിഡിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. രണ്ടു തവണ റയൽ മാഡ്രിഡിന്റെ ഓഫർ നിഷേധിച്ച താരത്തിനായി അവർ രംഗത്തു വരില്ലെന്നാണ് പിഎസ്‌ജി പ്രതീക്ഷിച്ചതെങ്കിലും അത് തെറ്റായിരുന്നു.

റയൽ മാഡ്രിഡ് ആദ്യത്തെ നീക്കം നടത്തിയപ്പോൾ എംബാപ്പെ അത് നിഷേധിക്കുകയായിരുന്നു. പ്രീ കോണ്ട്രാക്റ്റ് ഒപ്പിടുന്നതിനു പകരം സീസൺ അവസാനിക്കുമ്പോൾ തനിക്ക് വരുന്ന എല്ലാ ഓഫറുകളും പരിശോധിച്ച് തീരുമാനമെടുക്കാം എന്നാണു താരം കരുതിയത്. ലിവർപൂൾ അടക്കമുള്ള ക്ലബുകൾ താരത്തിനായി രംഗത്തുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ താരത്തെ സമ്മതിപ്പിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞുവെന്നാണ് കരുതേണ്ടത്. എംബാപ്പയെ സംബന്ധിച്ച് റയൽ മാഡ്രിഡ് ആരാധകർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ വിട്ടുകളയാൻ ഫ്ലോറന്റീനോ പെരസും റയൽ മാഡ്രിഡ് നേതൃത്വവും തയ്യാറല്ലായിരുന്നു.

അടുത്ത സീസണിൽ എംബാപ്പെ കൂടിയെത്തിയാൽ റയൽ മാഡ്രിഡ് അതിശക്തരായി മാറുമെന്നുറപ്പാണ്. ഇപ്പോൾ തന്നെ മികച്ച ഫോമിലാണ് ക്ലബ് കളിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം എംബാപ്പെയുടെ വരവോടെ ടീമിൽ നിന്നും മറ്റേതെങ്കിലും താരം പുറത്തു പോകുമോയെന്ന് അറിയില്ല. കൂടാതെ ഇതിനു മുൻപ് ഉണ്ടായിട്ടുള്ളതു പോലെ പിഎസ്‌ജിയുടെ അട്ടിമറിയും പ്രതീക്ഷിക്കാവുന്നതാണ്.

Mbappe Reportedly Agreed To Join Real Madrid