കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് ദേവന് അർഹിച്ച അംഗീകാരം, കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലെ മികച്ച താരമായി ദിമിത്രിയോസ് | Dimitrios

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ ദിമിത്രിയോസ് ഡയമെന്റക്കൊസ് ഏതാനും മത്സരങ്ങൾക്ക് ശേഷമാണ് ഗോൾവല ചലിപ്പിച്ചതെങ്കിലും പിന്നീട് തുടർച്ചയായി ഗോളുകൾ നേടിയിരുന്നു. ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ മുൻനിരയിലെത്താൻ കഴിഞ്ഞ മുപ്പതുകാരനായ താരം ഈ സീസണിലും തന്റെ മികവ് അതുപോലെ തുടരുകയാണ്.

ഈ സീസണിന്റെ തുടക്കം പരിക്ക് കാരണം നഷ്‌ടമായ താരത്തിന് പക്ഷെ കളത്തിലിറങ്ങിയതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടീമിനായി തുടർച്ചയായി ഗോളുകൾ നേടുന്ന താരത്തിന്റെ കൂടി മികവിലാണ് ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എന്തായാലും കഴിഞ്ഞ സീസണിൽ പത്ത് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ പ്രകടനത്തിനുള്ള നേട്ടം ആരാധകരുടെ പ്രിയപ്പെട്ട താരത്തെ തേടിയെത്തുകയും ചെയ്‌തിട്ടുണ്ട്‌.

പ്രമുഖ ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്‌സ്, പ്ലേയേഴ്‌സ് വാല്യൂ അനലൈസിങ് വെബ്‌സൈറ്റായ ട്രാൻസ്‌ഫർമാർക്കറ്റ് ഐഎസ്എൽ കഴിഞ്ഞ സീസണിലെ പ്രകടനം കണക്കാക്കി മികച്ച താരത്തെ തിരഞ്ഞെടുത്തപ്പോൾ ആ പുരസ്‌കാരം ലഭിച്ചത് ദിമിത്രിയോസിനാണ്. ദിമിത്രിയോസും ബ്ലാസ്റ്റേഴ്‌സ് ഡയറക്റ്റർ കരോലിസും പുരസ്‌കാരവുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു.

കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കുന്ന ദിമിത്രിയോസ് ഈ സീസണിൽ പത്ത് മത്സരങ്ങളിലാണ് കളിച്ചത്. ഇത്രയും മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്. നിലവിൽ ഐഎസ്എൽ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന താരം കഴിഞ്ഞ തവണ നഷ്‌ടമായ പുരസ്‌കാരം നേടാനുള്ള സാധ്യതയുണ്ട്.

അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ടീമിനെ വളരെ കൃത്യമായി നയിക്കാൻ ദിമിത്രിയോസിനു കഴിഞ്ഞു. യുവതാരങ്ങൾ നിറഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ തന്റെ പരിചയസമ്പത്ത് കൃത്യമായി ഉപയോഗിച്ച് ശരിയായ ദിശയിലേക്ക് കൊണ്ടുവരാനും മികച്ച പ്രകടനം നടത്തിക്കാനും താരത്തിന് കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ താരം ഈ നേട്ടം എല്ലാ രീതിയിലും അർഹിക്കുന്നത് തന്നെയാണ്.

Dimitrios Transfermarkt ISL Player Of The Season 2022-23