സൂപ്പർകപ്പിനു മുൻപ് ബ്ലാസ്റ്റേഴ്‌സിനു സന്തോഷവാർത്ത, ടീമിന് കൂടുതൽ കരുത്തു നൽകി സൂപ്പർതാരം പരിശീലനം ആരംഭിച്ചു | Kerala Blasters

ഭുവനേശ്വറിൽ വെച്ചു നടക്കുന്ന കലിംഗ സൂപ്പർ കപ്പിലേക്ക് ബ്ലാസ്റ്റേഴ്‌സ് എത്തിയിട്ടുള്ളത് കിരീടം നേടാമെന്ന പ്രതീക്ഷയോടെ തന്നെയാണ്. ഏതാനും താരങ്ങൾ ഇന്ത്യക്കൊപ്പം ഏഷ്യൻ കപ്പ് കളിക്കാൻ പോയെങ്കിലും കഴിഞ്ഞ മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനം നൽകിയ ആത്മവിശ്വാസം സൂപ്പർ കപ്പിൽ ടീമിനെ മുന്നോട്ടു നയിക്കാൻ പര്യാപ്‌തമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.

സൂപ്പർ കപ്പിനായി ഒരുങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനു ആശങ്കയുള്ളത് പ്രീതം കോട്ടാൽ, രാഹുൽ കെപി എന്നിവരുടെ അഭാവമാണ്. രണ്ടു താരങ്ങളും ടീമിന്റെ ഇപ്പോഴത്തെ ഫോമിൽ വളരെ നിർണായകമായ പങ്കു വഹിക്കുന്നവരാണ്. അതേസമയം സൂപ്പർകപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനു പ്രതീക്ഷ നൽകി ടീമിലെ മറ്റൊരു താരം പരിക്കിൽ നിന്നും മോചിതനായി തിരിച്ചുവരാൻ ഒരുങ്ങുന്നുണ്ട്.

സീസണിന്റെ തുടക്കത്തിൽ ഏതാനും മത്സരങ്ങൾ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌തതിന്‌ ശേഷം പരിക്കേറ്റു പുറത്തു പോയ ജിക്‌സൻ സിങാണ് തിരിച്ചെത്താനൊരുങ്ങുന്നത്. താരം പരിശീലനം ആരംഭിച്ചതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതിനർത്ഥം സൂപ്പർ കപ്പിൽ തന്നെ ജീക്സൺ ടീമിനായി ഇറങ്ങാനുള്ള സാധ്യതയുണ്ടെന്നാണ്.

മികച്ച പ്രകടനം നടത്തിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ നിന്നും രാഹുൽ കെപി ഇന്ത്യൻ ടീമിനായി കളിക്കാൻ പോയിരിക്കുകയാണ്. ഇതിനു പുറമെ വിബിൻ മോഹനനും പരിക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തിൽ ജീക്സൺ തിരിച്ചു വരുന്നത് ബ്ലാസ്റ്റേഴ്‌സിനു വലിയ രീതിയിൽ ഗുണം ചെയ്യും. എന്നാൽ താരം എപ്പോഴാണ് മാച്ച് ഫിറ്റ്നസ് നേടുകയെന്നു വ്യക്തമല്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് സൂപ്പർ കപ്പിനായി തിരിച്ചിട്ടുണ്ട്. ഭുവനേശ്വറിൽ വെച്ചാണ് മത്സരം നടക്കുന്നതെങ്കിലും ടീമിന്റെ അഭ്യർത്ഥന മാനിച്ച് കൊൽക്കത്തയിലാണ് സ്‌ക്വാഡ് താമസിക്കുന്നത്. വിദേശതാരങ്ങളെല്ലാം ഇറങ്ങി തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയാൽ ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ കിരീടം സ്വന്തമാക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

Jeakson Singh Start Training With Kerala Blasters