ഇതുപോലെയൊരു പിന്തുണ ഞങ്ങൾക്ക് കൊച്ചിയിൽ ലഭിച്ചിട്ടില്ല, കേരളത്തിൽ ഫുട്ബോളിനാണ് കൂടുതൽ ആരാധകരുള്ളതെന്ന് മുത്തയ്യ മുരളീധരൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് എന്നൊരു ടൂർണമെന്റ് ആരംഭിക്കുകയും കേരള ബ്ലാസ്റ്റേഴ്‌സ് എന്നൊരു ടീം അതിൽ കളിക്കാൻ രൂപീകൃതമാവുകയും ചെയ്‌തതോടെ കേരളത്തിന്റെ ഫുട്ബോൾ പ്രേമം എന്താണെന്ന് ലോകം മുഴുവൻ അറിഞ്ഞു തുടങ്ങി. അത്രയും മികച്ച പിന്തുണയാണ് ടീം രൂപീകൃതമായി ഓരോ വർഷം പിന്നിടുമ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനുള്ള ആരാധകരുടെ പിന്തുണയെ മുൻനിർത്തി കേരളത്തിന്റെ ഫുട്ബോൾ പ്രേമത്തെക്കുറിച്ച് ക്രിക്കറ്റ് ഇതിഹാസമായ മുത്തയ്യ മുരളീധരൻ സംസാരിക്കുകയുണ്ടായി. കേരളത്തിൽ ഉണ്ടായിരുന്ന ഒരേയൊരു ഐഎസ്എൽ ടീമായ കൊച്ചി ടസ്‌കേഴ്‌സിനെ താരമായിരുന്ന മുത്തയ്യ മുരളീധരൻ ഇവിടെ ഫുട്ബോളിനാണ് കൂടുതൽ ജനപ്രീതിയെന്നാണ് വിലയിരുത്തുന്നത്.

“കേരളത്തിൽ ഫുട്ബോളിനാണ് കൂടുതൽ ജനപ്രീതിയുള്ളത്. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ടീം ആസ്വദിക്കുന്നതു പോലെയൊരു പിന്തുണ ഞാൻ കൊച്ചിൻ ടസ്‌കേഴ്‌സിൽ കളിച്ചിരുന്ന സമയത്ത് ഗ്യാലറിയിൽ നിന്നും ലഭിച്ചിട്ടില്ല. തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ് പോലെയുള്ളവർ മുന്നോട്ടു വന്നു കേരളത്തിൽ ക്രിക്കറ്റ് പ്രൊമോട്ട് ചെയ്യാനുള്ള പദ്ധതികൾ ശക്തമാക്കണം.” മുത്തയ്യ മുരളീധരൻ പറഞ്ഞു.

എന്നാൽ കേരളത്തിൽ ഫുട്ബോളിനുള്ളതു പോലെയൊരു പിന്തുണ ക്രിക്കറ്റിനും ഉണ്ടെന്നതാണ് വാസ്‌തവം. കൊച്ചിൻ ടസ്‌കേഴ്‌സ് കളിക്കുന്ന സമയത്തും ഒരുപാട് പേർ മത്സരങ്ങൾക്കായി എത്തിയിരുന്നു. എന്നാൽ ആകെ ഒരു സീസൺ മാത്രമാണ് ആ ടീമിന് ആയുസുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരു സംഘടിതമായ രൂപത്തിലേക്ക് പോകാൻ ആരാധകർക്ക് കഴിഞ്ഞില്ല.

അതേസമയം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഓരോ സീസൺ കഴിയുന്തോറും കൂടുതൽ കൂടുതൽ സംഘടിതമായി വരുന്ന കാഴ്‌ചയാണ്‌ ഓരോ സീസണിലും കാണുന്നത്. ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ആരാധകസംഘങ്ങളിൽ ഒന്നായി അവർ മാറിയിട്ടുണ്ട്. മറ്റു ക്ലബുകളുടെ ആരാധകർ വരെ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകപ്പടയെ വാഴ്ത്തുന്നു.

Muttiah Muralitharan About Kerala Blasters Fans