പരിക്കേറ്റ താരങ്ങളെക്കൊണ്ട് ഏഷ്യൻ കപ്പിൽ സ്റ്റിമാച്ചിന്റെ ചൂതാട്ടം, കേരള ബ്ലാസ്റ്റേഴ്‌സിനും തിരിച്ചടിയായേക്കും | Stimac

ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് ഏഷ്യൻ കപ്പിനെ എത്രത്തോളം ഗൗരവമായാണ് എടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്ന കാര്യമാണ്. ഏതൊരു ചെറിയ ടീമിന്റെ പരിശീലകരും തങ്ങൾ പൊരുതി മുന്നേറാനാണ് ഏഷ്യൻ കപ്പിന് വരുന്നതെന്ന് പറയുമ്പോൾ ഇന്ത്യൻ പരിശീലകൻ പറഞ്ഞത് ടീമിന് പരിചയസമ്പത്തുണ്ടാക്കാൻ ഏഷ്യൻ കപ്പിലെ മത്സരങ്ങൾ സഹായിക്കുമെന്നാണ്.

ഇത്രയും ലാഘവത്വത്തോടെ ഏഷ്യൻ കപ്പിനെ കാണുന്ന സ്റ്റിമാച്ച് ടീമിനെ തിരഞ്ഞെടുത്തതിലും പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പൂർണമായും മാച്ച് ഫിറ്റ്നസ് ഇല്ലാത്ത താരങ്ങളെ അദ്ദേഹം ഏഷ്യൻ കപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് നേരത്തെ തന്നെ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മലയാളി താരമായ സഹൽ അബ്‌ദുൾ സമദ് ഏഷ്യൻ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും കളിക്കാനിറങ്ങാൻ സാധ്യതയില്ല. ഐഎസ്എല്ലിലെ അവസാനത്തെ മത്സരങ്ങളിൽ തന്നെ താരം പരിക്ക് കാരണം കളിച്ചിരുന്നില്ല. സഹൽ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നിരിക്കെ മറ്റു താരങ്ങളെ ഉപയോഗിക്കാതെ സഹലിനെ തന്നെ തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമായിരുന്നു.

സഹലിന്റെ കാര്യത്തിൽ മാത്രമല്ല ആശങ്കയുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരമായ രാഹുൽ കെപിയുടെ കാര്യത്തിലും ആരാധകർക്ക് ആശങ്കകളുണ്ട്. ഇന്ത്യൻ ടീമിനൊപ്പമുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു താരങ്ങളുടെ ചിത്രങ്ങൾ പുറത്തു വരുമ്പോഴും രാഹുൽ കെപി പരിശീലനം നടത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങളൊന്നും പുറത്തു വന്നിട്ടില്ല. താരത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ അതുകൊണ്ടു തന്നെ സംശയങ്ങളുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങളുണ്ട് എന്നിരിക്കെയാണ് അവരെയൊന്നു പരീക്ഷിക്കാൻ പോലും തയ്യാറാകാതെ പരിശീലകൻ ഇതുപോലെയൊരു ചൂതാട്ടം നടത്തുന്നത്. ഇത് ടീമിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നതിനൊപ്പം താരങ്ങളുടെ കരിയറിനെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന കാര്യമാണെന്നതിൽ സംശയമില്ല.

Stimac Included Injured Players To India Squad