രണ്ടു താരങ്ങൾ കൂടി പരിക്കു മാറി ടീമിലേക്ക് തിരിച്ചെത്തുന്നു, ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ കരുത്ത് | Kerala Blasters

ഇന്ത്യൻ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെയാണ് ആദ്യത്തെ മത്സരത്തിനായി ഇറങ്ങുന്നത്. ഇതുവരെ സ്‌ക്വാഡ് പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും കിരീടം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ആദ്യത്തെ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. ഐ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന ഷില്ലോങ് ലജോങ് കേരള ബ്ലാസ്റ്റേഴ്‌സിനു വെല്ലുവിളി തന്നെയായിരിക്കും.

സൂപ്പർകപ്പിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരമായ ജീക്സൺ സിങ് പരിക്ക് മാറി ട്രെയിനിങ് ആരംഭിച്ചത് ആരാധകർക്ക് സന്തോഷം നൽകിയ കാര്യമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ പ്രധാനിയായ ജീക്സന്റെ വരവ് ടീമിന് കൂടുതൽ കരുത്ത് നൽകും. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു താരങ്ങൾ കൂടി പരിക്ക് മാറി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

ജീക്സന്റെ പകരക്കാരനായി കളിക്കുകയും അതിനു പിന്നാലെ തന്നെ പരിക്കേറ്റു പുറത്തു പോവുകയും ചെയ്‌ത ഫ്രഡിയാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. നിലവിൽ താരം ഒറ്റക്കാണ് പരിശീലനം നടത്തുന്നതെങ്കിലും ഉടനെ തന്നെ ഗ്രൂപ്പിനൊപ്പം പരിശീലനം ആരംഭിക്കും. സൂപ്പർ കപ്പിൽ താരം കളിക്കുമോയെന്ന് ഉറപ്പില്ലെങ്കിലും ടൂർണമെന്റ് അവസാനിക്കുമ്പോഴേക്കും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതേണ്ടത്.

പരിക്കിൽ നിന്നും ഉടനെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു താരം വിബിൻ മോഹനനാണ്. നിലവിൽ സൂപ്പർ കപ്പിനായി ഭുവനേശ്വറിലേക്ക് പോയിട്ടുള്ള സ്‌ക്വാഡിൽ താരവുമുണ്ട്. പരിക്ക് പൂർണമായും ഭേദമായതിനെ തുടർന്നല്ല വിബിൻ സ്‌ക്വാഡിനൊപ്പം പോയതെങ്കിലും ചിലപ്പോൾ സൂപ്പർ കപ്പിനിടയിൽ തന്നെ താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് കരുതേണ്ടത്.

ഈ താരങ്ങളെല്ലാം തിരിച്ചു വരുന്നതോടെ ബ്ലാസ്റ്റേഴ്‌സ് മധ്യനിര കൂടുതൽ കരുത്തുറ്റതാകും. ഇവർ തിരിച്ചുവരുമെന്ന വ്യക്തമായ സൂചന ലഭിച്ചതിനാൽ മറ്റുള്ള താരങ്ങൾക്ക് സൂപ്പർകപ്പിൽ സമ്മർദ്ദമില്ലാതെ കളിക്കാനും കഴിയും. ഏറ്റവും മികച്ച സ്‌ക്വാഡിനെത്തന്നെ അണിനിരത്തിയാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള അവസരമുണ്ട്.

Two Players To Return Kerala Blasters Squad Soon