ജനുവരിക്ക് ശേഷം കാണാൻ പോകുന്നത് പുതിയൊരു കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആയിരിക്കും, ഈ സീസൺ കൊമ്പന്മാർ സ്വന്തമാക്കാൻ സാധ്യത കൂടുതൽ | Kerala Blasters

ഈ സീസണിന്റെ തുടക്കം മുതൽ ഒന്നിന് പുറകെ ഒന്നായി ഒരുപാട് തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്നു. ടീമിലെ പ്രധാന താരങ്ങളുടെ പരിക്ക്, ചില താരങ്ങൾക്ക് സംഭവിച്ച വിലക്ക് എന്നിവയെല്ലാം ആശങ്കകൾ സമ്മാനിച്ചെങ്കിലും അതിനെയെല്ലാം മറികടന്ന് ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. സീസണിന്റെ ആദ്യപകുതിയിൽ പ്രകടനം പ്രതീക്ഷ നൽകിയതിനാൽ തന്നെ രണ്ടാം പകുതിക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

നിലവിൽ സൂപ്പർ കപ്പിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. ഇന്നത്തോടെ ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിച്ച സൂപ്പർ കപ്പിൽ നാളെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം. ഈ മാസം അവസാനിക്കുന്നത് വരെ നീളുന്ന സൂപ്പർ കപ്പിലെ ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഷില്ലോങ് ലജോങ്ങിനെ നേരിട്ടും. ഇതിലൂടെ ആദ്യത്തെ കിരീടം നേടാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

സൂപ്പർ കപ്പിന് ശേഷം സീസണിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക പുതിയൊരു കരുത്തോടെ ആയിരിക്കുമെന്നുറപ്പാണ്. പരിക്കേറ്റു പുറത്തായ നിരവധി താരങ്ങൾ തിരിച്ചു വന്നു തുടങ്ങിയെന്നതാണ് അതിലെ പ്രധാന കാര്യം. നിലവിൽ ജീക്സൺ സിങ്, ഫ്രഡി എന്നീ മധ്യനിര താരങ്ങൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. വിബിൻ മോഹനനും ഉടനെ തന്നെ പരിശീലനം ആരംഭിക്കുമെന്നാണ് സൂചനകൾ.

അതിനു പുറമെ ടീമിനു പുതിയ കരുത്തു നൽകാൻ സീസണിന്റെ രണ്ടാം പകുതിയിൽ രണ്ടു വിദേശതാരങ്ങൾ എത്താനുള്ള സാധ്യതയുണ്ട്. നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന ജോഷുവ സോട്ടിരിയോയാണ് അതിലൊരാൾ. താരം പരിക്കിൽ നിന്നും മോചിതനായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമെ അഡ്രിയാൻ ലൂണയുടെ പകരക്കാരനായ താരത്തെയും കേരള ബ്ലാസ്റ്റേഴ്‌സ് ഉടനെ തന്നെ സ്വന്തമാക്കും.

ഈ താരങ്ങളെല്ലാം സ്‌ക്വാഡിലേക്ക് വരുന്നതോടെ പുതിയൊരു കരുത്തും ആത്മവിശ്വാസവുമാകും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുക. ഇത് ഇവാൻ വുകോമനോവിച്ചിന്റെ ടീം തിരഞ്ഞെടുപ്പിനെ ഒന്നുകൂടി അനായാസമാക്കി മാറ്റും. പുതിയൊരു കരുത്തോടെ കുതിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നേട്ടങ്ങൾ സ്വന്തമാക്കാനും സാധ്യതയുണ്ട്. സൂപ്പർകപ്പ് അതിനൊരു തുടക്കമാകട്ടെയെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.

Kerala Blasters To Get More Strength After January