മെസി വീണ്ടും ഫുട്ബോൾ ലോകം ഭരിക്കാൻ പോകുന്ന നാളുകൾ വരുന്നു, അർജന്റീന താരം ഇന്റർ മിയാമിയിലേക്ക് ഉടനെയെത്തും | Lionel Messi

ഖത്തർ ലോകകപ്പിൽ കിരീടം നേടി ചരിത്രത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയ ലയണൽ മെസിക്ക് പക്ഷെ അതിനു ശേഷം ക്ലബ് തലത്തിലുള്ള നാളുകൾ അത്ര സുഖകരമായിരുന്നു എന്നു പറയാനാവില്ല. പിഎസ്‌ജി ആരാധകരുടെ കടുത്ത പ്രതിഷേധത്തിന്റെ ഇടയിൽ കളിച്ചിരുന്ന ലയണൽ മെസി ടീമിനൊപ്പം ലീഗ് കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിലടക്കം പിഎസ്‌ജിയുടെ പ്രകടനം ദയനീയമായിരുന്നു.

ലോകകപ്പിൽ അർജന്റീനയോട് തോറ്റതിന്റെ രോഷം ഫ്രഞ്ച് ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ലയണൽ മെസി പിഎസ്‌ജി വിടാൻ തീരുമാനമെടുക്കുന്നത്. പിഎസ്‌ജി വിട്ടു അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ താരത്തിന് അവിടുത്തെ നാളുകളും അത്ര സുഖകരമായിരുന്നില്ല. ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകിയെങ്കിലും പരിക്കുകൾ കാരണം ലീഗിൽ ടീം ഒരുപാട് പുറകിലായിരുന്നു.

എന്നാൽ ഇന്റർ മിയാമിക്കൊപ്പം പുതിയൊരു സീസണിനായി ഒരുങ്ങുമ്പോൾ മെസിയുടെ ലക്‌ഷ്യം വളരെ വലുതാണ്. അവധി ദിവസങ്ങൾ ആഘോഷിച്ചതിനു ശേഷം അമേരിക്കയിലേക്ക് തിരിച്ചെത്തിയ താരം ഉടനെ തന്നെ ഇന്റർ മിയാമിയിലെത്തി പരിശീലനത്തിനായി ചേരും. ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടുകയെന്ന ലക്ഷ്യവുമായി മെസി ഇറങ്ങുമ്പോൾ ഫുട്ബോൾ ലോകം മുഴുവൻ താരത്തിന് പിന്നാലെയാകും.

അടുത്തു തന്നെ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെങ്കിലും ലയണൽ മെസി ഇന്റർ മിയാമിക്കൊപ്പം കളത്തിലിറങ്ങുക ഈ മാസം ഇരുപതിന്‌ നടക്കുന്ന സൗഹൃദമത്സരത്തിലാണ്. അതിനു ശേഷം ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായി നടക്കുന്ന റിയാദ് കപ്പിൽ അൽ ഹിലാൽ, അൽ നസ്ർ എന്നീ ടീമുകളെ ഇന്റർ മിയാമി നേരിടും. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണിത്.

പുതിയ എംഎൽഎസ് സീസൺ ആരംഭിക്കുന്നത് ഫെബ്രുവരി ഇരുപത്തിരണ്ടിനാണ്. ഒരുപാട് നാളുകളായി കളിക്കളത്തിലില്ലാത്ത മെസി ഇറങ്ങുന്നതോടെ ഫുട്ബോൾ ലോകം മുഴുവൻ താരത്തിന്റെ മാന്ത്രികനീക്കങ്ങൾക്ക് പിന്നാലെ പോകുമെന്നതിൽ യാതൊരു സംശയവുമില്ല. അതിനു പുറമെ ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക കിരീടപ്പോരാട്ടത്തിനു അർജന്റീനക്കൊപ്പം താരമിറങ്ങുന്നതും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Lionel Messi To Start Training With Inter Miami Soon