മൂന്നു മത്സരങ്ങൾ നഷ്‌ടമായിട്ടും ലൂണയെ മറികടക്കാൻ ആർക്കുമായില്ല, ഐഎസ്എല്ലിലെ മജീഷ്യൻ യുറുഗ്വായ് താരം തന്നെ | Adrian Luna

അഡ്രിയാൻ ലൂണയെന്ന താരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിന്റെ നെടുംതൂണായ താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നായകനുമായി. ഈ സീസണിൽ മികച്ച പ്രകടനം നടത്തി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ടു നയിക്കുന്നതിന്റെ ഇടയിലാണ് പരിക്കേറ്റു ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനെ തുടർന്ന് ലൂണക്ക് ടീമിൽ നിന്നും പുറത്തു പോകേണ്ടി വന്നത്.

ഡിസംബർ പകുതിയോടെ പരിക്കേറ്റ താരത്തിന് മൂന്നു മത്സരങ്ങൾ അതിനു ശേഷം നഷ്‌ടമായി. ഈ സീസണിൽ താരം തിരിച്ചു വരാനുള്ള സാധ്യത കുറവാണ്. ലൂണക്ക് പകരക്കാരനെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സ് ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതേസമയം പരിക്കേറ്റു പുറത്തു പോയി ഏതാനും മത്സരങ്ങൾ നഷ്‌ടമായെങ്കിലും ഐഎസ്എല്ലിൽ ഇതുവരെയുള്ള ചില കണക്കുകളിൽ താരം തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

ഒപ്റ്റജീവ് പുറത്തു വിടുന്ന കണക്കുകൾ പ്രകാരം ഈ സീസണിൽ ഇതുവരെ ഏറ്റവുമധികം ഗോൾ ചാൻസുകൾ ഉണ്ടാക്കിയെടുത്ത താരം അഡ്രിയാൻ ലൂണയാണ്. ഒൻപത് മത്സരങ്ങളിൽ നിന്നും താരം ഇരുപത്തിയാറു ഗോൾ ചാൻസുകൾ ഉണ്ടാക്കിയെടുത്തപ്പോൾ പന്ത്രണ്ടു മത്സരങ്ങൾ കളിച്ച് ഇരുപത്തിരണ്ട് അവസരങ്ങൾ ഉണ്ടാക്കിയെടുത്ത പഞ്ചാബ് എഫ്‌സിയുടെ ഫ്രഞ്ച് താരം മദിഹ് തലാൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

ഇരുപത്തിയൊന്ന് അവസരങ്ങൾ സൃഷ്‌ടിച്ച എഫ്‌സി ഗോവയുടെ വിക്റ്റർ റോഡ്രിഗസ്, അത്ര തന്നെ അവസരങ്ങൾ ഉണ്ടാക്കിയ ചെന്നൈയിൻ എഫ്‌സിയുടെ ക്രിവല്ലേറോ എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ അഞ്ചാം സ്ഥാനത്തുള്ളത് മുംബൈ സിറ്റി എഫ്‌സിയുടെ താരമായ ഗ്രെഗ് സ്റ്റുവർട്ടാണ്. ഈ ലിസ്റ്റിൽ നിന്നും ലൂണയുടെ മികവ് എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്.

അഡ്രിയാൻ ലൂണ ഈ സീസണിൽ ഏഴു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടുകയോ അസിസ്റ്റ് നൽകുകയോ ചെയ്‌തിട്ടുണ്ട്‌. താരം കളിച്ച ഒൻപത് മത്സരങ്ങളിൽ ബാക്കി രണ്ടെണ്ണത്തിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയതിൽ നിന്നും ലൂണയുടെ സ്വാധീനം മനസിലാക്കാം. അഡ്രിയാൻ ലൂണ ഈ സീസണിൽ ഇറങ്ങാൻ സാധ്യതയില്ലെങ്കിലും താരത്തിന്റെ അഭാവത്തിലും ടീം മികച്ച പ്രകടനം നടത്തുന്നത് ആശ്വാസമാണ്.

Adrian Luna Created Most Chances This Season