ആദ്യകിരീടം നേടാനുറപ്പിച്ചു തന്നെ, സൂപ്പർകപ്പിനു കിടിലൻ സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഭുവനേശ്വറിൽ വെച്ചു നടക്കുന്ന കലിംഗ സൂപ്പർ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യം സ്‌ക്വാഡിന്റെ ചിത്രം പോസ്റ്റ് ചെയ്‌തെങ്കിലും അതപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ഇതേതുടർന്ന് ആരാധകർ ആശങ്കയിൽ നിൽക്കെയാണ് പുതിയ സ്‌ക്വാഡിനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സൂപ്പർ കപ്പ് നേടാനുറപ്പിച്ചു തന്നെയാണ് തയ്യാറെടുത്തിരിക്കുന്നതെന്നു വ്യക്തമാണ്. ടീമിനൊപ്പമുള്ള പ്രധാന താരങ്ങളെല്ലാം സൂപ്പർ കപ്പിനുള്ള സ്‌ക്വാഡിലുണ്ട്. ആശ്ചര്യപ്പെടുത്തുന്ന കാര്യം ഇന്ത്യൻ ടീമിനൊപ്പം ഏഷ്യൻ കപ്പ് കളിക്കാൻ പോയ മൂന്നു താരങ്ങളും സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ്.

സച്ചിൻ സുരേഷ്, കരൺജിത് സിങ്, മുഹമ്മദ് അബ്ബാസ് എന്നിവർക്കൊപ്പം പരിക്കിൽ നിന്നും മുക്തനായ ലാറ ശർമയുമാണ് ഗോൾകീപ്പർമാരായി സ്‌ക്വാഡിലുള്ളത്ത്. പ്രതിരോധത്തിൽ മീലൊസ് ഡ്രിഞ്ചിച്ച്, മാർകോ ലെസ്‌കോവിച്ച്, പ്രീതം കോട്ടാൽ, ഹോർമിപാം. നവോച്ച സിങ്, സന്ദീപ് സിങ് പ്രബീർ ദാസ് എന്നീ താരങ്ങളുമാണ് ഇറങ്ങുക. ഇതിൽ പ്രീതം കൊട്ടാൽ ഇന്ത്യൻ ടീമിനൊപ്പമാണുള്ളത്.

പരിക്കേറ്റ മധ്യനിര താരങ്ങളായ ജീക്സൺ സിങ്, വിബിൻ മോഹനൻ എന്നിവർ സ്‌ക്വാഡിലുണ്ട്. ഇതിനു പുറമെ യോയ്‌ഹെൻബ മെയ്‌തേയ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്‌മൻ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ടാൽ, നിഹാൽ സുധീഷ് എന്നിവർ മധ്യനിരയിലും, ഇഷാൻ പാന്റിട്ട, രാഹുൽ കെപി, ഡൈസുകെ, പെപ്ര, ദിമിത്രിയോസ്, ബിദ്യാഷാഗർ എന്നിവർ മുന്നേറ്റനിരയിലും കളിക്കും.

ഏറ്റവും മികച്ച സ്‌ക്വാഡിനെത്തന്നെ സൂപ്പർ കപ്പിനായി ഇറക്കിയ ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി കഴിഞ്ഞു. നാളെ ഷില്ലോങ് ലജോങ്ങിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ മികച്ച വിജയത്തോടെ തുടങ്ങുകയാകും കൊമ്പന്മാരുടെ ലക്‌ഷ്യം. ഇന്ത്യൻ ടീമിനൊപ്പമുള്ള മൂന്നു താരങ്ങളുടെ അഭാവം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനു ചെറിയ തിരിച്ചടിയാവുക.

Kerala Blasters Announce Squad For Kalinga Super Cup