മോശം ഫോമിലുള്ളവർ പുറത്തേക്ക്, നാല് പൊസിഷനുകളിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

അടുത്ത സീസണിലേക്കുള്ള ടീമിനെ കെട്ടിപ്പടുക്കാൻ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് നാല് പൊസിഷനിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ തയ്യാറെടുക്കുന്നുവെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ താരങ്ങളെ ഒഴിവാക്കി കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. ഇന്ത്യൻ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ തയ്യാറെടുക്കുന്നത്.

ഗോൾകീപ്പർമാരായി കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന രണ്ടു താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടുണ്ട്. ലോണിൽ ടീമിലുണ്ടായിരുന്ന ലാറ ശർമ, വെറ്ററൻ ഗോൾകീപ്പർ കരൺജിത് സിങ് എന്നിവരാണ് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവുക. അതിനു പകരമായി ഒരു ഗോൾകീപ്പറെ ഈ ആഴ്‌ചയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

സെൻട്രൽ മിഡ്‌ഫീൽഡാണ് ബ്ലാസ്റ്റേഴ്‌സ് മാറ്റം വരുത്താനുദ്ദേശിക്കുന്ന മറ്റൊരു പൊസിഷൻ. കഴിഞ്ഞ സീസണിൽ ഡാനിഷ് ഫാറൂഖ് പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം പുറത്തെടുത്തിരുന്നില്ല. അതിനു പുറമെ യുവതാരം ജിക്‌സൻ സിങ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് ആ പൊസിഷനിലേക്ക് മറ്റു താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

മുന്നേറ്റനിരയിൽ വിങ്ങറെ സ്വന്തമാക്കാനും കേരള ബ്ലാസ്റ്റേഴ്‌സിന് പദ്ധതിയുണ്ട്. കഴിഞ്ഞ സീസണിൽ ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികളിൽ പ്രധാനിയായിരുന്ന രാഹുൽ കെപി മികച്ച പ്രകടനമല്ല നടത്തിയിരുന്നത്. താരത്തെ ഒഴിവാക്കണമെന്ന് ആരാധകരും ആവശ്യം ഉന്നയിക്കുന്നുണ്ട്. അതിനു പകരം മറ്റൊരു താരത്തെ എത്തിക്കാനുള്ള പദ്ധതി ക്ലബിനുണ്ട്.

അതിനു പുറമെ സെന്റർ ബാക്കായും ഒരു ഇന്ത്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നുണ്ടാകും. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച പ്രീതം കോട്ടാൽ കഴിഞ്ഞ സീസണിൽ ആ പ്രതീക്ഷകളെ കാത്തു സൂക്ഷിക്കുന്ന പ്രകടനം നടത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയൊരു സെന്റർ ബാക്കിനെക്കൂടി ടീമിന് ആവശ്യമുണ്ട്. ഹോർമിപാമിനെ ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാൻ സാധ്യതയില്ല.

Kerala Blasters To Reinforce Four Positions